ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടെ ചികിത്സയുടെ അഭാവം മൂലം കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 2,08,330 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്‍റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുടെ പ്രാർഥനയും സഹാനുഭൂതിയും ഈ അഭൂതപൂർവമായ സമയത്ത് നിങ്ങളോടൊപ്പമുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിൽ 3,86,452 പുതിയ കൊവിഡ് കേസുകളും 3,498 മരണങ്ങളും 2,97,540 രോഗമുക്തിയുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,87,62,976 ആയി ഉയർന്നു. ഇന്ത്യയിൽ ആകെ 31,70,228 സജീവ കൊവിഡ് കേസുകളാണ് നിലവിൽ ഉള്ളത്.