മുംബൈ: 'ദ് കശ്‌മീർ ഫയൽസ്' എന്ന വിവാദ ചിത്രത്തിന്‍റെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരായ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുക, ഒരു പ്രത്യേക വിഭാഗം ജനതയെ അപമാനിക്കുക, മതവികാരം വ്രണപ്പെടുത്തുക, വ്യക്തികളെ അപകീർത്തിപ്പെടുത്തൽ എന്നിവയാണ് വിവേകിനെതിരായ പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ. മാധ്യമ പ്രവർത്തകനും സെലിബ്രിറ്റി മാനേജറുമായ ഭോപ്പാൽ സ്വദേശി രോഹിത് പാണ്ഡെയാണ് വിവേക് അഗ്നിഹോത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ഓൺലൈൻ പ്ലാറ്റ്‌ഫോമിന് നൽകിയ അഭിമുഖത്തിൽ ഭോപ്പാലി പൗരന്മാരെ സ്വവർഗാനുരാഗികളെന്ന് അഭിസംബോധന ചെയ്‌ത് വിവേക് നടത്തിയ പരാമർശത്തിനെതിരെയാണ് മുംബൈ വർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അഭിമുഖത്തിൽ താൻ ഭോപ്പാലിൽ വളർന്നിട്ടും ഒരു 'ഭോപ്പാലി' അല്ലെന്നും ഈ വാക്ക് സ്വവർഗാനുരാഗിയായ വ്യക്തിയെ അല്ലെങ്കിൽ 'നവാബി അഭിരുചിയുള്ള' ഒരാളെ സൂചിപ്പിക്കുന്നുവെന്നുമായിരുന്നു വിവേകിന്‍റെ പരാമർശം. വിവേകിന്‍റെ വാക്കുകൾ ഭോപ്പാലിനെ അപമാനിക്കുന്നതാണെന്നും ഐപിസി സെക്ഷൻ 153എ, ബി, 295എ, 298, 500, 505-II എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.
നേരത്തെ, മധ്യപ്രദേശ് കോൺഗ്രസ് നേതാക്കളും ദിഗ്‌വിജയ സിങ്ങും അഗ്നിഹോത്രിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Also Read: കശ്‌മീര്‍ ഫയല്‍സ് സംവിധായകനെതിരെ പൊലീസ് സ്‌റ്റേഷനില്‍ പരാതി