ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹോദരിയുടെ മോർഫ് ചെയ്ത വീഡിയോ ഉപയോഗിച്ചതിന് അന്തരിച്ച എംബിബിഎസ് വിദ്യാര്‍ഥിനി എസ് അനിതയുടെ സഹോദരൻ മണിരത്നം എഐഎഡിഎംകെ മന്ത്രി കെ പാണ്ഡ്യരാജനെതിരെ പരാതി നൽകി. ആത്മഹത്യ ചെയ്ത അനിതയുടെ ശബ്ദം ഉപയോഗിച്ച് എഐഎഡിഎംകെക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലുള്ള വീഡിയോ ആണ് മന്ത്രി ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
അനിത പറയുന്നതായി പ്രചരിപ്പിച്ച വീഡിയോയില്‍ ജയലളിത സര്‍ക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 400 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മെഡിസിന്‍ പഠിക്കാന്‍ അവസരം ഒരുക്കിയെന്ന് പറയുന്നുണ്ട്. ഡി.എം.കെ രാഷ്ട്രീയ ലക്ഷ്യത്തിനായാണ് വിദ്യാര്‍ഥികളെ ഉപയോഗിച്ചത് എന്നും വീഡിയോയില്‍ പറയുന്നു.
ഡി.എം.കെ കാരണം അസ്തമിച്ചത് 17 വിദ്യാര്‍ത്ഥികളുടെ ജീവിതമാണെന്ന് ഡി.എം.കെയുടെ പാര്‍ട്ടി ചിഹ്നമായ ഉദയ സൂര്യനെ സൂചിപ്പിച്ച് വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ 2017ല്‍ മരിച്ച തന്‍റെ സഹോദരിയെ അപമാനിക്കുന്നതിന് തുല്യമാണ് ഈ വീഡിയോ പ്രാചരണം എന്നാണ് സഹോദരന്‍ മണിരത്‌നം പറഞ്ഞത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഒരിക്കലും അനിതയുടെ ശബ്ദം മോര്‍ഫ് ചെയ്ത് ഉപയോഗിക്കാന്‍ പാടുള്ളതല്ല എന്നും മണിരത്‌നം പരാതിയില്‍ പറയുന്നു.
അതേസമയം പരാതി നല്‍കിയതിന് പിന്നാലെ പാണ്ഡ്യരാജന്‍ തന്‍റെ ട്വീറ്റ് പിന്‍വലിച്ചു. അതേസമയം തന്‍റെ അനുവാദമോ അറിവോ ഇല്ലാതെയാണ് ആ വീഡിയോ പോസ്റ്റ് ചെയ്തതെന്ന വാദവുമായി പാണ്ഡ്യരാജന്‍ രംഗത്തെത്തി. ഒരു വ്യക്തിയെയും അപകീർത്തിപ്പെടുത്താൻ തനിക്ക് ഉദ്ദേശ്യമില്ല. ട്വീറ്റ് നടത്തിയ വ്യക്തിയെ കണ്ടെത്തുകയും അയാള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഇതിനായി പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.