ജബൽപൂർ : മധ്യപ്രദേശിൽ ഡോക്‌ടറുടെ ചികിത്സ പിഴവ് മൂലം 20 വർഷം മുൻപ് കാഴ്‌ചശക്തി നഷ്‌ടപ്പെട്ട പെൺകുട്ടിക്ക് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഭോപ്പാൽ സംസ്ഥാന ഉപഭോക്തൃ ഫോറം (State Consumer Forum of Bhopal). കട്‌നി സ്വദേശിയായ സഖിക്കാണ് 40 ലക്ഷം രൂപ നഷ്‌ടപരിഹാര തുകയായി നൽകാൻ ഉത്തരവിട്ടിട്ടുള്ളത്. കട്‌നി നിവാസിയായ ശൈലേന്ദ്ര ജെയിനിന് 2003 ലാണ് സഖി ജനിക്കുന്നത്. ഏഴര മാസത്തിലായിരുന്നു പ്രസവം നടന്നത്.
മാസം തികയാതെയുള്ള പ്രസവമായതുകൊണ്ട് (pre-mature delivered baby) തന്നെ ഒരു മാസത്തോളം പരിചരണത്തിലിരുന്ന ശേഷമാണ് ശൈലേന്ദ്ര ആശുപത്രി വിട്ടത്. മുകേഷ് എന്ന ഡോക്‌ടറായിരുന്നു യുവതിയുടെ പ്രസവം നടത്തിയത്. എന്നാൽ രണ്ട് മാസത്തിന് ശേഷമാണ് കുഞ്ഞിന്‍റെ കാഴ്‌ചശക്തിയിൽ പ്രശ്‌നമുള്ളതായി യുവതി തിരിച്ചറിഞ്ഞത്.
ഇതിനിടയിൽ, മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് ഓക്‌സിജൻ നൽകിയാൽ അത് കുഞ്ഞിന്‍റെ കാഴ്‌ചശക്തിയെ (Eye Sight) ബാധിക്കുമെന്ന് മനസിലാക്കിയ യുവതി കുഞ്ഞുമായി വീണ്ടും ഡോക്‌ടറെ സമീപിച്ചു. പക്ഷെ, യുവതിയേയും കുഞ്ഞിനേയും മറ്റൊരു നേത്രരോഗ വിദഗ്‌ധനെ കാണാൻ ഡോക്‌ടർ നിർദേശിച്ചു. നേത്രരോഗ വിദഗ്‌ധനാണ് കുഞ്ഞിന് അധിക ഓക്‌സിജൻ നൽകിയത് കാഴ്‌ചശക്തിയെ ബാധിച്ചതായി കുടുംബത്തെ അറിയിച്ചത്.
ഇനിയും ചികിത്സ വൈകിച്ചാൽ സഖിക്ക് പൂർണമായും കാഴ്‌ചശക്തി നഷ്‌ടപ്പെടുമെന്ന് ഡോക്‌ടർ നിർദേശിച്ചതിനെ തുടർന്ന് ശൈലേന്ദ്ര മകളുടെ കണ്ണിന് ശസ്‌ത്രക്രിയ നടത്തിയെങ്കിലും കാഴ്‌ച തിരിച്ചുകിട്ടിയില്ല. തുടർന്ന് മകൾക്ക് നീതി ആവശ്യപ്പെട്ട് ശൈലേന്ദ്ര ജെയിൻ ഭോപ്പാലിലെ സംസ്ഥാന ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. 2004 ലാണ് ശൈലേന്ദ്ര ക്ലെയിം സമർപ്പിച്ചത്. ഈ കേസിലാണ് 20 വർഷത്തിന് ശേഷം വിധി വന്നിട്ടുള്ളത്. 40 ലക്ഷം രൂപയുടെ പലിശ സഹിതം 85 ലക്ഷം രൂപ നൽകാനാണ് ഫോറം ഉത്തരവിട്ടിട്ടുള്ളത്. സഖി ജെയിൻ ഇപ്പോൾ ബിരുദ വിദ്യാർഥിനിയാണ്.
5.40 കോടി രൂപ മോട്ടോർ ക്ലെയിം സെറ്റിൽമെന്‍റ് : രണ്ടാഴ്‌ച മുൻപാണ് ഗുജറാത്തിൽ ഏക്കാലത്തേയും ഏറ്റവും വലിയ മോട്ടോർ ക്ലെയിം (Highest Motor Claim) സെറ്റിൽമെന്‍റ് ദേശീയ ലോക് അദാലത്ത് (National Lok Adalat) നടപ്പാക്കിയത്. 5.40 കോടി രൂപയുടെ സെറ്റിൽമെന്‍റാണ് ഗുജറാത്ത് ഹൈക്കോടതിയുടെ (Gujarat High Court) നേതൃത്വത്തിൽ പരാതിക്കാരന് നൽകാൻ ഉത്തരവായത്. 2014ൽ നറോൾ ടോൾ പ്ലാസയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ട സ്വകാര്യ കമ്പനിയിലെ ജനറൽ മാനേജരായി ജോലി ചെയ്‌തിരുന്ന ബറൂച്ച് സ്വദേശി പ്രകാശ്‌ഭായ് വഗേലയുടെ കുടുംബത്തിനാണ് ഇത്രയും തുക നൽകാൻ ലോക് അദാലത്ത് വിധിച്ചത്.