ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീവ്രവാദക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ കർശനമാക്കി സൈന്യം. ശ്രീനഗർ അടക്കമുള്ള മേഖലകളിൽ കമ്യൂണിറ്റി ഹാളുകളിൽ അടക്കം സേനയെ വിന്യസിച്ചു.
അതേ സമയം ഈ സംവിധാനങ്ങൾ എത്ര നാൾ വരെയാണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. നഗരത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിലവിൽ ചെറിയ തോതിൽ മാത്രമാണ് കമ്യൂണിറ്റി ഹാളുകൾ സൈന്യം ഏറ്റെടുത്തിട്ടുള്ളത്. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. ബാക്കിയുള്ള കമ്യൂണിറ്റി ഹാളുകളിലെ സർവെ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിനകം ഇലാഹിബാഗ്, സൂത്രഷാഹി കമ്യൂണിറ്റി സെന്‍ററുകളിൽ സിആർപിഎഫിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഈ മേഖലകളിൽ സിആർപിഎഫ് ബങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്.
ജനസാന്ദ്രതയുള്ള ഈ പ്രദേശങ്ങളിൽ കല്യാണങ്ങൾ, സംസ്‌കാര ചടങ്ങുകൾ, സാമൂഹ്യ ഒത്തുചേരലുകൾ തുടങ്ങിയവ കമ്യൂണിറ്റി സെന്‍ററുകളിലാണ് നടത്തിയിരുന്നത്. വീടുകളിൽ സ്ഥലമില്ലാത്തവർ ഇനി എന്തുചെയ്യുമെന്ന ആശങ്കയും പങ്കുവക്കുന്നു. ഈ കേന്ദ്രങ്ങളിൽ നടത്താനിരുന്ന പരിപാടികൾ റദ്ദ് ചെയ്യുന്ന സാഹചര്യമാണിപ്പോൾ. എന്നാൽ ഈ സാഹചര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
ALSO READ: ++സൈനികരുമായി പങ്കിട്ടത് മധുരം മാത്രമല്ല, മറിച്ച് സംസ്‌കാരവും സന്തോഷവുമെന്ന് അമിത് ഷാ