കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള സര്‍വസാധാരണമായ സംശയങ്ങളും ഊഹാപോഹങ്ങളും
കൊറോണ വൈറസിന്‍റെ പുതിയ പതിപ്പ് രാജ്യത്തുടനീളം ഭീതി വിതച്ചു കൊണ്ടിരിക്കെ സമൂഹ മാധ്യമങ്ങളിലും മറ്റും അതേ കുറിച്ചുള്ള ഒട്ടേറെ ഊഹാപോഹങ്ങളും വ്യാജ വിവരങ്ങളും ഒരുപോലെ പടര്‍ന്നു പിടിക്കുകയാണ്. ജനങ്ങള്‍ക്കും ഇക്കാര്യം അറിയാമെങ്കിലും അവര്‍ അത് ഗൗരവത്തോടെ കാണുന്നില്ല. വൈറസിന്‍റെ വ്യാപനം തടയുന്നതിനുള്ള സുരക്ഷാ നടപടികള്‍ കൂടുതല്‍ അച്ചടക്കത്തോടെ പാലിക്കേണ്ടതിന്‍റെ ആവശ്യം സര്‍ക്കാര്‍ ഊന്നി പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ജനങ്ങള്‍ തെരുവുകളില്‍ കൂട്ടം കൂടുക, മാസ്‌ക് ധരിക്കാതിരിക്കുക, അല്ലെങ്കില്‍ മാസ്‌ക് മൂക്കിനു കീഴെയായി ധരിക്കുക, ഉല്ലാസ യാത്രകള്‍ക്കായി വെറുതെ പുറത്തിറങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായി കണ്ടു വരുന്നതാണ്. രോഗത്തിന്‍റെ തീവ്രത അംഗീകരിക്കുവാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറാകുന്നില്ല. അതേ സമയം രോഗ വ്യാപനം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഹൈദരാബാദിലെ വിഎന്‍എന്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യനായ ഡോക്ടര്‍ രാജേഷ് വുക്കലയുമായി (എംഡി ജനറല്‍ മെഡിസിന്‍) നടത്തിയ അഭിമുഖ സംഭാഷണത്തിലൂടെ കൊറോണ വൈറസിന്‍റെ പുതിയ പതിപ്പുമായി ബന്ധപ്പെട്ട് ഓരോരുത്തരുടേയും മനസില്‍ ഉയരുന്ന ചില സാധാരണ സംശയങ്ങള്‍ക്ക് നമുക്ക് ഉത്തരം ലഭിച്ചിരിക്കുന്നു.
പുതിയ വൈറസ് പതിപ്പ് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
മുന്‍പുണ്ടായിരുന്ന വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ വൈറസ് പതിപ്പ് കൂടുതല്‍ വ്യാപന ശക്തിയുള്ളതും തീവ്രത കൂടിയതുമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ വേഗതയോടെയാണ് ഈ വൈറസ് പടര്‍ന്നു പിടിക്കുന്നത്. കുടുംബത്തില്‍ ഏതെങ്കിലും ഒരാള്‍ക്ക് മാത്രം രോഗം ബാധിക്കുന്നതോടെ അത് മൊത്തം കുടുംബാംഗങ്ങളിലേക്കും അതിവേഗം പടരുന്നതായി കണ്ടു വരുന്നു. മുന്‍ കേസുകളില്‍ ഇത് വ്യത്യസ്തമായിരുന്നു. ഒരു വ്യക്തി സാമൂഹികമായി ഐസൊലേറ്റ് ചെയ്യുന്നതിനു മുന്‍പ് തന്നെ ഈ വൈറസ് കുടുംബാംഗങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചു കഴിഞ്ഞിരിക്കും എന്ന് മാത്രമല്ല ലക്ഷണങ്ങളും കണ്ടു തുടങ്ങും.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷവും രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമെന്താണ്?
പുതിയ കേസുകള്‍ കൂടുതല്‍ ഗുരുതരമാണോ?
മാരകമായ ഈ അസുഖവുമായി ഒരു വര്‍ഷത്തിലധികമായി നമ്മളെല്ലാം ജീവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിര്‍ണ്ണായകമായ സ്ഥിതി വിശേഷങ്ങളില്‍ ഏത് തരത്തിലുള്ള സമീപനമാണ് കൈകൊള്ളേണ്ടത് എന്നുള്ള കാര്യം ഇപ്പോള്‍ നമുക്ക് കൂടുതല്‍ അറിയാം. അതുകൊണ്ടു തന്നെ ഗുരുതരമായ അവസ്ഥയില്‍ നിന്നു പോലും രോഗികളെ ചികിത്സിച്ച് തിരികെ കൊണ്ടു വരുവാന്‍ നമുക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. അതേ സമയം തന്നെ വൈറസിനു വന്ന ജനിതക മാറ്റം മൂലം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന ഉയരുകയും ചെയ്യുന്നു. ജനങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാവുകയും വൈറസുമായി എങ്ങനെ താദാത്മ്യം പ്രാപിക്കണമെന്ന് മെഡിക്കല്‍ സംഘങ്ങള്‍ക്ക് അറിയുകയും ചെയ്യും എന്നതിനാല്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കുവാന്‍ ഇപ്പോള്‍ നമുക്ക് കഴിയുന്നുണ്ട്.
എന്തൊക്കെയാണ് പുതിയ ലക്ഷണങ്ങള്‍?
മുന്‍പുണ്ടായിരുന്ന ലക്ഷണങ്ങള്‍ക്ക് പുറമെ ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധിച്ച ആളുകളില്‍ വയറിളക്കം അല്ലെങ്കില്‍ മറ്റ് ഗ്യാസ്‌ട്രോ ഇന്‍ഡസ്‌ടൈനല്‍ (കുടലും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍) ജലദോഷം എന്നിങ്ങനെയുള്ള കൂടുതല്‍ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ ലക്ഷണങ്ങള്‍ മുന്‍ വൈറസ് ബാധകളില്‍ വളരെ കുറച്ച് മാത്രം കണ്ടു വന്നിരുന്നതാണ്. പനിയുടെ തീവ്രത വളരെ കുറവാണ്. ശരീര വേദനയും കടുത്ത ക്ഷീണവുമാണ് ഉല്‍കണ്ഠയുണര്‍ത്തുന്ന മറ്റ് മേഖലകള്‍. ക്ലിനിക്കല്‍ പ്രസന്‍റേഷന്‍റെ വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ ഇവയൊക്കെയാണ് മുഖ്യ വ്യത്യാസങ്ങളായി നിരിക്ഷിക്കപ്പെട്ടിട്ടുള്ളത്. എന്നിരുന്നാലും വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ട നിരവധിപേര്‍ക്ക് ഇപ്പോഴും ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് കൂടുതല്‍ ഉല്‍കണ്ഠയുണര്‍ത്തുന്ന കാര്യമാണ്. കാരണം അത്തരക്കാര്‍ വൈറസിനെ ശരീരത്തില്‍ കൊണ്ടു നടക്കുന്നവരാണ്.
കൂടുതല്‍ വായനയ്ക്ക്: അതിവേഗം കൊവിഡ് വ്യാപനം: 24 മണിക്കൂറില്‍ 1,52,879 കൊവിഡ് ബാധിതർ
എന്താണ് ചെയ്യാനായിട്ടുള്ളത്?
രോഗിയുടെ അവസ്ഥ ഗുരുതരമായി മാറുവാന്‍ നേരത്തെ തന്നെ രോഗ നിര്‍ണയം നടത്തി ഇടപെടലുകള്‍ കൊണ്ടു വരേണ്ടത് വളരെ അധികം പ്രധാനമാണ്. അതിനാല്‍ ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ട് അധികം താമസിയാതെ തന്നെ നിങ്ങള്‍ പരിശോധനക്ക് വിധേയമാകുകയും ഉടനടി ഐസൊലേറ്റ് ചെയ്യുകയും ചെയ്താല്‍ മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ന്നു പിടിക്കുന്നത് തടയാന്‍ കഴിയും.
നിങ്ങളുടെ പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ വീട്ടില്‍ തന്നെ ക്വാറന്റൈന്‍ തുടരുകയും നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്യുക. സ്വയം നിരീക്ഷിക്കുകയും നിങ്ങളുടെ ശരീരത്തിലെ ഓക്‌സിജന്‍റെ തോത്, ശരീര ഊഷ്മാവ് എന്നിവ ഇടക്കിടെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം. അതോടൊപ്പം പുതിയ ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ അതിനും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ ഗുരുതരമായി മാറുന്നു അല്ലെങ്കില്‍ നിങ്ങളുടെ ഓക്‌സിജന്‍ തോത് കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ആശുപത്രി വാസം ആവശ്യമാണോ എന്നറിയുന്നതിനായി ഉടന്‍ തന്നെ ഡോക്ടറുമായി ബന്ധപ്പെടണം. എന്നാല്‍ മാത്രമേ മെച്ചപ്പെട്ട പരിപാലനം ലഭ്യമാകുകയുള്ളൂ.
ഇതിനെല്ലാം പുറമെ ആരോഗ്യ അധികൃതരും മന്ത്രാലയവും മുന്നോട്ട് വെക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ അച്ചടക്കത്തോടെ പാലിക്കേണ്ടത് ആവശ്യമാണ്. ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക. കഴിയുന്നത്ര വീട്ടില്‍ തന്നെ ഇരിക്കുക, മാസ്‌ക് ധരിക്കുക, കൃത്യമായ ശുചിത്വം പാലിക്കുക.
എന്തുകൊണ്ടാണ് ഇത് കുട്ടികളെ കൂടി ബാധിക്കുന്നത്?
വൈറസിന് ജനിതക മാറ്റം സംഭവിച്ചിരിക്കുന്നു. അതായത് അതിന്‍റെ സ്വഭാവത്തില്‍ മാറ്റം വന്നിരിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പഴയ വൈറസിന്‍റെ പുതിയ പതിപ്പ് കൂടുതല്‍ തീവ്രതയുള്ളതാണ്. അതിനാല്‍ മുന്‍ സാഹചര്യങ്ങളില്‍ അത്രയൊന്നും അപകട സാധ്യത ഇല്ലാതിരുന്ന കുട്ടികളെ പോലും ഇപ്പോള്‍ അത് ബാധിച്ചിരിക്കുന്നു.
പ്രതിരോധ കുത്തിവെയ്പ്പിന്‍റെ രണ്ടാം ഡോസ് എടുത്തവര്‍ക്ക് പോലും വീണ്ടും രോഗം വരുന്നത് എന്തുകൊണ്ട്?
കോവിഡ്-19 ബാധിച്ച് സുഖപ്പെട്ടവരും രണ്ടാമത്തെ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു കഴിഞ്ഞവരും ആദ്യത്തെ വൈറസ് ബാധയിലൂടെ അല്ലെങ്കില്‍ പ്രതിരോധ കുത്തിവെയ്പ്പിലൂടെ ശരീരത്തില്‍ വേണ്ടത്ര അളവില്‍ ആന്റീബോഡികള്‍ ഉള്ളവരും അടക്കം എല്ലാ തരത്തിലും പെട്ട ആളുകള്‍ക്കും പുതിയ വൈറസ് ബാധിക്കുന്നു എന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസ് ഏത് തരത്തിലാണ് കൃത്യമായി ആളുകളെ ബാധിക്കുന്നത് എന്ന ഒരു അവസാന തീരുമാനത്തിലെത്തുവാനുള്ള അധിക വിവരങ്ങളോന്നും തന്നെ നമ്മുടെ പക്കലില്ല. എന്നാല്‍ ഞാന്‍ നിരീക്ഷിച്ച രോഗികളില്‍ മിക്കവര്‍ക്കും ലക്ഷണങ്ങള്‍ കുറവും തീവ്രത കുറഞ്ഞവയുമാണ്.
അതിനാല്‍ ഇന്ത്യയിലെ കോവിഡിന്‍റെ പുതിയ പതിപ്പ് നിരവധി വെല്ലുവിളികളാണ് നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അവയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ തക്കവണ്ണം കഴിവുള്ളവര്‍ തന്നെയാണ് നമ്മുടെ വൈദ്യ ശാസ്ത്ര വിദഗ്ധര്‍. എന്നിരുന്നാലും എല്ലാ തരത്തിലുമുള്ള മുന്‍ കരുതലുകളും എടുക്കേണ്ടത് അത്യന്തം അനിവാര്യമാണ്. എന്നാല്‍ മാത്രമേ ആശുപത്രികളില്‍ അമിതമായി രോഗികള്‍ എത്തി മൊത്തം ആരോഗ്യ മേഖലയെ തന്നെ സ്തംഭിപ്പിക്കുന്നത് തടയുവാന്‍ കഴിയുകയുള്ളൂ. അതോടൊപ്പം രോഗം ചികിത്സിച്ച് മാറ്റുവാനുള്ള വഴികളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ നിങ്ങള്‍ സ്വയം പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് അങ്ങേയറ്റം ശുപാര്‍ശ ചെയ്യപ്പെടുന്ന കാര്യമാണ്. കാരണം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനു ശേഷം നിങ്ങള്‍ക്ക് രോഗം ബാധിച്ചാലും വൈറസ് വലിയ പ്രതികൂല ഫലങ്ങളൊന്നും ഉളവാക്കുന്നില്ല.