ജയ്പൂർ: വീട്ടിലെ സ്ത്രീകള്‍ പാചകം ചെയ്യുമ്പോഴും മറ്റു വീട്ടു ജോലികളിൽ ഏർപ്പെടുമ്പോഴും അവരുടെ കൈവളകള്‍ കിലുങ്ങുന്ന ശബ്ദം നമൾ എല്ലാവരും കേട്ടിട്ടുള്ളതാണ്. വിവിധ നിറങ്ങളിലുള്ള വളകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. പ്രത്യേകിച്ച് പരമ്പരാഗതമായി അരക്ക് കൊണ്ടു നിര്‍മിച്ച വളകള്‍ക്ക് നമ്മുടെ ഇടയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടു തന്നെയാണ് അത്തരം വളകള്‍ നിര്‍മിക്കുന്ന കരകൗശല വിദഗ്ധരെ ഭാരത് രംഗ് മഹോത്‌സവ് (നിറങ്ങളുടെ മഹോത്സവം) എന്ന പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. ജയ്പൂരില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ജയ്പൂരില്‍ നിന്നുള്ള കരകൗശല വിദഗ്ധനായ മുഹമ്മദ് ആസിഫ് വള നിർമാണം പാര്യമ്പര്യമായി ചെയ്തു വരുന്നതാണ്. ഏതാണ്ട് 32 വര്‍ഷമായി ആസിഫ് ഈ തൊഴിൽ ചെയ്യുന്നു. അരക്കിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ ആസിഫ്, പാണ്ഡവരെ അരക്കില്ലം പണിത് അതിനുള്ളിലാക്കി വധിക്കാൻ ശ്രമിച്ച കൗരവരുടെ മഹാഭാരത കഥ ഓർത്തെടുത്തു.
കുപ്പികളും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിര്‍മിക്കുന്ന വളകള്‍ വളരെ പെട്ടെന്ന് നിറം മങ്ങി തിളക്കം പോകുന്നവയാണ്. അതേസമയം അരക്ക് കൊണ്ട് നിര്‍മിക്കുന്ന വളകള്‍ ജീവിതകാലം മുഴുവന്‍ നിറം മങ്ങാതെ തുടരും. അതുകൊണ്ടാണ് ഇന്നും ഇത്തരം വളകള്‍ക്ക് ഏറെ ജനപ്രീതി ലഭിക്കുന്നത്. അരക്കുകൊണ്ട് നിരവധി തരത്തിലുള്ള വളകൾ കരകൗശല വിദഗ്ധര്‍ നിര്‍മിക്കാറുണ്ട്. അത് നിരവധി ആളുകളെ ആകര്‍ഷിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെയാണ് അരക്ക് കൊണ്ട് നിര്‍മിക്കുന്ന വളകളുടെ കച്ചവടം എക്കാലത്തും മങ്ങാതെ തുടരുന്നത്.