ബെംഗളൂരു: കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ കർണാടകയിൽ കോളജുകൾ വീണ്ടും അടച്ചിടാൻ സാധ്യതയെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകർ.
കൊവിഡ് വ്യാപനവും ലോക്‌ഡൗണും കാരണം അടച്ചിട്ടിരുന്ന ഡിഗ്രി, എഞ്ചിനിയറിങ്, ഡിപ്ലോമ കോളജുകൾ എട്ട് മാസങ്ങൾക്ക് ശേഷം നവംബർ 17 ന് വീണ്ടും തുറന്നിരുന്നു. എന്നാൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 120 മുതൽ 130 വരെ വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധിച്ചുവെന്നും ഇങ്ങനെ തുടർന്നാൽ വീണ്ടും ലോക്‌ഡൗണിലേക്ക് പോകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനും അവരുടെ അക്കാദമിക് ഭാവി മെച്ചപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് കൂടുതൽ പ്രതിരോധശേഷി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സർക്കാരിന്‍റെ നിർണായക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ആവശ്യമായ ഉപകരണങ്ങൾ, കണക്റ്റിവിറ്റി എന്നിവയുടെ അഭാവം, വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഫലപ്രദമാകാതെ വരികയും വിദ്യാഭ്യാസ മേഖലയിലെ തൊഴിലില്ലായ്‌മയും കണക്കിലെടുത്താണ് കോളജുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.