ഭുവനേശ്വർ : ഒഡിഷയിൽ കോളജിന്‍റെ പേരിൽ വിചിത്ര നോട്ടിസ് പ്രചരിക്കുന്നു. 'ആൺസുഹൃത്തുക്കൾക്കൊപ്പം വരൂ, അല്ലാതെ കോളജിൽ പ്രവേശിപ്പിക്കില്ല' എന്ന സന്ദേശത്തോടെ ജഗത്സിംഗ്‌പൂര്‍ എസ്‌വിഎം കോളജിന്‍റെ പേരിലാണ് നോട്ടിസ് പ്രചരിക്കുന്നത്. ജഗത്സിംഗ്‌പൂർ സ്വാമി വിവേകാനന്ദ മെമ്മോറിയൽ ഓട്ടോണമസ് കോളജ് പ്രിൻസിപ്പൽ വിജയ് കുമാർ പാത്ര നോട്ടിസിൽ ഒപ്പുവച്ച നിലയിലാണ് ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എന്നാൽ ഇക്കാര്യം പ്രിൻസിപ്പൽ നിഷേധിച്ചു. തന്‍റെ അറിവോടെയോ സമ്മതത്തോടെയോ അല്ല നോട്ടിസെന്ന് ഇദ്ദേഹം വ്യക്തമാക്കി.
'ഫെബ്രുവരി 14 ന് മുൻപ് എല്ലാ പെൺകുട്ടികൾക്കും ആൺസുഹൃത്ത് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഇത് സുരക്ഷയുടെ ഭാഗമായാണ് ചെയ്യുന്നത്. ഒറ്റയ്ക്കുള്ള പെൺകുട്ടികളെ കോളജിൽ പ്രവേശിപ്പിക്കില്ല. ആൺസുഹൃത്തുക്കൾക്കൊപ്പം അടുത്തിടെ എടുത്ത ഒരു ചിത്രം എല്ലാവരും കാണിക്കണം' - ഇങ്ങനെ പോകുന്നു നോട്ടിസിലെ പരാമര്‍ശങ്ങള്‍.
വിഷയത്തില്‍ കോളജ് പ്രിൻസിപ്പൽ ജഗത്സിംഗ്‌പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയിട്ടുണ്ട്. തന്‍റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ഇദ്ദേഹം അറിയിച്ചു.