ലക്‌നൗ: ഉത്തർപ്രദേശിൽ 'ആസാദി' മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്നാണ് ആറ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. സുമിത് തിവാരി, ശേഷ് നാരായൺ പാണ്ഡെ, ഇമ്രാൻ ഹാഷ്‌മി, സാത്വിക് പാണ്ഡെ, മോഹിത് യാദവ്, മനോജ് മിശ്ര എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സാകേത് ഡിഗ്രി കോളജിൽ തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ വിദ്യാർഥികൾ ഡിസംബർ 16ന് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ വിദ്യാർഥികൾ ആസാദി എന്ന് വിളിച്ചതായി പ്രിൻസിപ്പൽ എൻ.ഡി പാണ്ഡെയാണ് പരാതി നൽകിയത്. എന്നാൽ വിദ്യാർഥികൾ ആരോപണം നിഷേധിച്ചു. വിദ്യാർഥികൾ കലാപത്തിലൂടെ രാഷ്‌ട്രത്തെ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മാതൃരാജ്യം സംരക്ഷിക്കുകയെന്നത് എന്‍റെ കടമയാണ്, അതുകൊണ്ട് വിദ്യാർഥികൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
അഴിമതിക്കാരനായ പ്രിൻസിപ്പലിൽ നിന്നും കോളജിലെ വിദ്യാർഥി വിരുദ്ധ സംവിധാനത്തിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനാണ് വിദ്യാർഥികൾ 'ആസാദി' മുദ്രാവാക്യം വിളിച്ചതെന്ന് വിദ്യാർഥി സംഘടനയുടെ മുൻ പ്രസിഡന്‍റ് അഭാസ് കൃഷ്‌ണ യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടതാണെന്നും അഭാസ് യാദവ് കൂട്ടിച്ചേർത്തു.