ഇന്‍ഡോര്‍ (മധ്യപ്രദേശ്): പൂര്‍വ വിദ്യാര്‍ഥിയുടെ പകയില്‍ കോളജ് പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ഇന്‍ഡോറിലെ ബിഎം കോളജ് പ്രിന്‍സിപ്പാള്‍ വിമുക്ത ശര്‍മയാണ് പൂര്‍വ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് ശ്രീവാസ്‌തവ് (24) കോളജിലെത്തി അധ്യാപികയുടെ മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആക്രമണത്തില്‍ ശരീരത്തിന്‍റെ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത ശര്‍മയെ സഹപ്രവര്‍ത്തകരും കോളജിലെ ജീവനക്കാരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ നാല് ദിവസത്തെ ചികിത്സക്ക് ശേഷം ഇന്ന് വിമുക്ത ശര്‍മ മരണത്തിന് കീഴടങ്ങി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ ഇവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നുവെന്നും ഇന്ന് പകലോടെ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നുവെന്നും സിംറോള്‍ പൊലീസ് സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ ആര്‍എന്‍ ഭഡൗരിയ അറിയിച്ചു.
സംഭവം നടന്ന ഉടനെ തന്നെ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 307 വകുപ്പ് പ്രകാരം കേസെടുത്തിരുന്നുവെന്നും നിലവില്‍ അധ്യാപിക മരണപ്പെട്ടതോടെ ഇതിലേക്ക് 302-ാം വകുപ്പ് കൂടി ഉള്‍പ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. പ്രതി നിലവില്‍ അന്വേഷണത്തിന്‍റെ ഭാഗമായി കസ്‌റ്റഡിയിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ജില്ല കലക്‌ടര്‍ ഇളൈരാജ പറഞ്ഞു.
അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ കോളജിലെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ഭീതിയിലാണ്. എന്നാല്‍ ഉജ്ജയിൻ നിവാസിയായ അക്രമി പ്രിൻസിപ്പാളുമായുള്ള മുന്‍ വൈരാഗ്യം മൂലമാകാം കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.