ചെന്നൈ: കോയമ്പത്തൂര്‍ ഡിഐജി വിജയകുമാറിനെ (DIG Vijayakumar) (45) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റേസ് കോഴ്‌സ് റോഡിലെ (Race Course Road) ക്യാമ്പ് ഓഫിസിനുള്ളില്‍ നിന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് (ജൂലൈ 07) പ്രഭാത നടത്തത്തിന് പോയ അദ്ദേഹം രാവിലെ 6:50ഓടെ തന്നെ തിരികെ ക്യാമ്പ് ഓഫിസില്‍ മടങ്ങിയെത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥന്‍റെ കൈവശമുണ്ടായിരുന്ന തോക്ക് അദ്ദേഹം ആവശ്യപ്പെട്ടു. ആ തോക്കും വാങ്ങിയാണ് അദ്ദേഹം മുറിക്കുള്ളിലേക്ക് പോയത്.
തുടര്‍ന്ന് അല്‍പം സമയത്തിന് ശേഷം ഡിഐജിയുടെ മുറിക്കുള്ളില്‍ നിന്നും ഒരു വെടിയൊച്ച കേട്ടിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വെടിയൊച്ച കേട്ട ഗണ്‍മാന്‍ മുറിക്കുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് ഡിഐജി വിജയകുമാറിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നിലവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നഗരത്തിലെയും സോണിലേയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഇന്നലെ (06 ജൂലൈ) വൈകുന്നേരം ഡിഐജി വിജയകുമാര്‍ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ മകന്‍റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2009 ഐപിഎസ് (IPS) ബാച്ചിലെ ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു അദ്ദേഹത്തിന് ഡിഐജി ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിന്നാലെ, ഫെബ്രുവരിയില്‍ കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി ആയി ചുമതലയേറ്റെടുത്തു. അണ്ണാനഗർ ഡിസിപിയായും കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളില്‍ പൊലീസ് സൂപ്രണ്ടായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
അജ്ഞാതരുടെ വെടിയേറ്റ് സഹോദരിമാര്‍ കൊല്ലപ്പെട്ടു: ഡല്‍ഹിയില്‍ അജ്ഞാതരുടെ വെടിയേറ്റ് സഹോദരിമാര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ 18ന് ആർ കെ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബേദ്‌കർ ബസ്‌തി മേഖലയിൽ ആണ് സംഭവമുണ്ടായത്. സഹോദരിമാരായ പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്.
കൃത്യം നടന്ന ദിവസം പുലര്‍ച്ചെ 4:40ന് ഇവരുടെ സഹോദരന്‍ ഫോണ്‍ വിളിച്ചാണ് വെടിവയ്‌പ്പിനെ കുറിച്ചുള്ള വിവരം നല്‍കിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
സംഭവത്തില്‍ പിങ്കി, ജ്യോതി എന്നിവരുടെ സഹോദരനും പരിക്കേറ്റിരുന്നു. ഇയാളെ തെരഞ്ഞാന് അക്രമികള്‍ എത്തിയതെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നലെ തന്നെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ അന്വേഷണസംഘം ആരംഭിച്ചിരുന്നു.
More Read : ഡൽഹിയിൽ സഹോദരിമാർ വെടിയേറ്റ് മരിച്ചു ; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്