കൊച്ചി : ഇന്ത്യൻ നാവിക സേനയ്‌ക്കായി ആറ് പുതുതലമുറ മിസൈൽ വാഹക കപ്പലുകൾ (എൻജിഎംവി) നിർമിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. 9805 കോടി ചെലവിൽ നിർമിക്കുന്ന കപ്പലുകൾ നാവിക സേനയുടെ നൂതനമായ ആയുധ - തീവ്ര പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനമായിട്ടാണ് കണക്കാക്കുന്നത്. നിർമാണമാരംഭിക്കുന്ന കപ്പലുകളുടെ വിതരണം 2027 മാർച്ചിൽ ആരംഭിക്കും.
ശത്രു യുദ്ധക്കപ്പലുകൾക്കെതിരെ ആക്രമണ ശേഷി പ്രദാനം ചെയ്യുക, കടലിൽ നിന്ന് കരയിലേക്കുള്ള ആക്രമണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുക എന്നിവയാണ് പുതുതായി നിർമിക്കുന്ന കപ്പലുകളുടെ പ്രാഥമിക പങ്കെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
പുതുതായി നിർമിക്കുന്ന മിസൈൽ വാഹക കപ്പലുകൾ രഹസ്യ സ്വഭാവമുള്ളതും അതിവേഗതയിലുമുള്ള ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള ആയുധങ്ങളടങ്ങിയതുമായിരിക്കും. ഈ കപ്പലുകൾക്ക് നാവിക സ്ട്രൈക്ക് ഓപ്പറേഷനുകൾ, ഉപരിതല വിരുദ്ധ യുദ്ധ പ്രവർത്തനങ്ങൾ എന്നിവ നടത്താൻ കഴിവുണ്ടാകും. കൂടാതെ തന്ത്രപ്രധാനമായ ഇടുങ്ങിയ പാതയിലൂടെ മറ്റൊരു പ്രദേശത്തേക്ക് കടന്നുപോകുന്ന ശത്രു കപ്പലുകളെ തടയുന്നതിലും ഇത് വലിയ പങ്ക് വഹിക്കും.
ഈ കപ്പലുകൾ പ്രാദേശിക നാവിക പ്രതിരോധ പ്രവർത്തനങ്ങൾക്കും ഓഫ്‌ഷോർ വികസന മേഖലകളിലെ കടൽ പ്രതിരോധത്തിനും ഉപയോഗിക്കുമെന്നും കപ്പൽശാല അറിയിച്ചു. ഓയിൽ, ഗ്യാസ് മുതലായവ ഖനനം ചെയ്‌തെടുക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളാണ് ഓഫ്‌ഷോർ വികസന മേഖലകൾ. ഇത്തരം മേഖലകളിൽ കപ്പലുകൾക്ക് അനുമതിയില്ലാതെ പ്രവേശിക്കാനാകില്ല.
രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് വിജയകരമായി നിർമാണം പൂർത്തിയാക്കിയ ശേഷം എൻജിഎംവികളുടെ നിർമാണം ഏറ്റെടുക്കാൻ കപ്പൽശാലയ്ക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായർ പറഞ്ഞു. മേൽപ്പറഞ്ഞ എൻജിഎംവി കപ്പലുകൾക്ക് പുറമെ നാവികസേനയ്‌ക്കായി എട്ട് ആന്‍റി സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളും കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമിക്കുന്നുണ്ട്. ഈ കപ്പലുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.