ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. കല്‍ക്കരിയുടെ ലഭ്യതക്കുറവും കനത്ത ചൂടും മൂലം പലസംസ്ഥാനങ്ങളും കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ജമ്മു-കശ്‌മീര്‍ മുതല്‍ ആന്ധ്രാപ്രദേശ് വരെയുള്ള സംസ്ഥാനങ്ങളില്‍ 2 മുതല്‍ 8 മണിക്കൂര്‍ വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പ്രതിസന്ധിയില്‍ കേരളവും: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കേരളത്തില്‍ വൈകിട്ട് 6 30 നും 11.30 നും ഇടയിൽ 15 മിനിട്ട് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി. ആശുപത്രികളെയും അവശ്യസേവന മേഖലകളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗരമേഖലകളിൽ നിയന്ത്രണം ഉണ്ടാവില്ല. കേന്ദ്ര പൂളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നിലവില്‍ രാജ്യത്തെ മൊത്തം വൈദ്യുതി അപര്യാപ്‌തതയുടെ അളവ് 623 ദശലക്ഷം യൂണിറ്റിലെത്തിയതായാണ് പുറത്ത് വരുന്ന വിവരം. മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് വൈദ്യുതി ക്ഷാമം ഏപ്രില്‍ പകുതിയോടെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിലവിലെ പ്രതിസന്ധി വ്യാവസായിക മേഖലയെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
പ്രതിസന്ധിക്ക് കാരണം കല്‍ക്കരി ക്ഷാമം: രാജ്യത്ത് ആവശ്യമായ വൈദ്യുതിയില്‍ 70 ശതമാനവും ഉദ്‌പാദിപ്പിക്കുന്നത് കല്‍ക്കരിയില്‍ നിന്നാണ്. നിലവിലെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള അസംസ്‌കൃത വസ്‌തു ലഭ്യമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പേഴും ഇത് കൊണ്ടുപോകുന്നതിനുള്ള റെയില്‍ റേക്കുകളുടെ എണ്ണത്തിലുള്ള കുറവാണ് പ്രതികൂലമായി ബാധിക്കുന്നത്. കൂടാതെ യുക്രൈന്‍-റഷ്യ യുദ്ധത്തിനിടെ രാജ്യാന്തര ഊർജ വില കുതിച്ചുയർന്നതോടെ കൽക്കരി ഇറക്കുമതിയും കുറഞ്ഞു.
പവർ പ്ലാന്റുകളിലേക്കുള്ള കൽക്കരി ലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് പുറമേ, ഇൻവെന്ററികൾ നിർമ്മിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തേക്ക് കൽക്കരി ഇറക്കുമതി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 27 ലെ കണക്ക് പ്രകാരം രാജ്യത്തുടനീളം 200.65 ജിഗാവാള്‍ട്ട് വൈദ്യുതിയാണ് ആവശ്യമുള്ള സ്ഥാനത്ത് 10.29 ജിഗാവാള്‍ട്ടിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി (സിഇഎ) നിരീക്ഷിക്കുന്ന 163 ജിഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള 147 നോൺ-പിറ്റ് ഹെഡ് പ്ലാന്റുകളിൽ ഏപ്രിൽ 26 ന് സാധാരണ കൽക്കരി സ്റ്റോക്കിന്റെ 25 ശതമാനം ഉണ്ടെന്നാണ് ഏറ്റവും പുതിയ ഡാറ്റ കാണിക്കുകളില്‍ പറയുന്നത്. ഈ പ്ലാന്റുകളിൽ 57,033 ആയിരം ടൺ കൽക്കരി ഉണ്ടായിരുന്നതില്‍ നിലവില്‍ 14,172 ആയിരം ടൺ മാത്രമാണുള്ളത്.
വൈദ്യുതി പ്രതിസന്ധി വിവിധ സംസ്ഥാനങ്ങളില്‍...
ഉത്തര്‍പ്രദേശ്: ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 3,000 മെഗാവാട്ട് വൈദ്യുതിയാണ് നിലവില്‍ കമ്മി. ഏകദേശം 23,000 മെഗാവാട്ടിന്റെ ആവശ്യകതയുള്ള സംസ്ഥാനത്ത് വിതരണം വെറും 20,000 മെഗാവാട്ട് മാത്രമാണ്. ഈ പ്രതിസന്ധി ഗ്രാമപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും ലോഡ് ഷെഡിംഗിനും ഇപ്പോല്‍ കാരണമാകുന്നുണ്ട്.
സംസ്ഥാന വൈദ്യുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ ഗ്രാമപ്രദേശങ്ങളിൽ നിശ്ചിത 18 മണിക്കൂറിൽ നിന്ന് ശരാശരി 15 മണിക്കൂർ 7 മിനിറ്റ് വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. അതുപോലെ, നഗരങ്ങളിൽ ഷെഡ്യൂൾ ചെയ്ത 21 മണിക്കൂർ 30 മിനിറ്റിനെതിരെ ശരാശരി 19 മണിക്കൂർ 3 മിനിറ്റും തഹസിൽ ആസ്ഥാനത്ത് 21 മണിക്കൂർ 30 മിനിറ്റിനെതിരെ 19 മണിക്കൂർ 50 മിനിറ്റും വൈദ്യുതി വിതരണം ചെയ്യുന്നു. ജില്ലാ ആസ്ഥാനങ്ങളിൽ 24 മണിക്കൂറും വൈദ്യുതി നൽകുന്നുണ്ട്.
മതിയായ വൈദ്യുതി നൽകുന്നതിൽ ഉത്തർപ്രദേശിലെ ബിജെപി പരാജയപ്പെട്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളിൽ 18 മുതൽ 20 മണിക്കൂർ വരെ വൈദ്യുതി നൽകുമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ 4 മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭ്യമാക്കുന്നത്, പലയിടത്തും രാത്രി മുഴുവൻ വൈദ്യുതി മുടങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കശ്‌മീര്‍: കശ്‌മീർ താഴ്‌വരയെയും നിലവിലെ പ്രതിസന്ധി മോശമായി ബാധിച്ചിട്ടുണ്ട്. പ്രദേശത്ത് റംസാന്‍ മാസത്തിലേര്‍പ്പെടുത്തിയ നിയന്ത്രണം ജനങ്ങളെ സാരമായി തന്നെ ബാധിച്ചു. ഏപ്രിലില്‍ 1600 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ള സ്ഥാനത്ത് 900 മുതല്‍ 1,100 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തമിഴ്‌നാട്: അനിയന്ത്രിതമായ പവര്‍ക്കെട്ടുകള്‍ തമിഴ്‌നാട്ടിലെ വ്യവസായ ശാലകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായാണ് പുറത്ത് വരുന്ന വിവരം. സെൻട്രൽ ഗ്രിഡിൽ നിന്ന് 750 മെഗാവാട്ടിന്റെ കുറവ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടക്കത്തിന് കാരണമായതായി കഴിഞ്ഞ ആഴ്‌ച സംസ്ഥാന സർക്കാർ പറഞ്ഞു.
ആന്ധ്രാപ്രദേശ്: പ്രതിദിനം 210 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമുള്ള സ്ഥാനത്ത് 50 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. രാജ്യവ്യാപകമായി നേരിടുന്ന നിലവിലെ പ്രതിസന്ധി ഏപ്രിൽ അവസാനത്തോടെ കുറയുമെന്ന് സംസ്ഥാന ഊർജ സെക്രട്ടറി ബി ശ്രീധർ അഭിപ്രായപ്പെട്ടു. വിപണിയിലും ആവശ്യമായ വൈദ്യുതി ലഭ്യമല്ലാത്തതിനാലാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ഡിസ്‌കോമുകൾ എല്ലാ ആഴ്‌ചയിലും രണ്ട് ദിവസത്തെ പവർ ഹോളിഡേയാണ് വ്യവസായ സ്ഥാപനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also read: വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ഇന്നു വൈകിട്ട് നിയന്ത്രണം