ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ, ബിരുദാനന്തര ബിരുദധാരിയായ പെണ്‍കുട്ടിക്ക് തന്‍റെ മന്ത്രാലയത്തില്‍ ജോലി നല്‍കാന്‍ നിര്‍ദേശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങളില്‍ നിന്നും അപ്പീലുകള്‍ സ്വീകരിക്കുന്നതിനിടെ ഇരയായ യുവതിയുടെ ആവശ്യങ്ങള്‍ കേട്ട ശേഷം ഉടനടി മുഖ്യമന്ത്രി ജോലി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എം കോം ബിരുദധാരിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി.
ജോലി കരാര്‍ അടിസ്ഥാനത്തില്‍: 2022 ഏപ്രില്‍ മാസം 28നായിരുന്നു യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ജനത ദര്‍ശനില്‍ തന്‍റെ അച്ഛനോടും അമ്മയോടും ഒപ്പമായിരുന്നു യുവതി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ താന്‍ സമീപിച്ചിരുന്നുവെന്നും തനിക്ക് മുന്‍ മുഖ്യമന്ത്രി ജോലി വാഗ്‌ദാനം ചെയ്‌തിട്ടും ജോലി നല്‍കിയില്ല എന്നും യുവതി അറിയിച്ചു.
റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം തന്‍റെ മന്ത്രാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ യുവതിക്ക് ജോലി നല്‍കാന്‍ സിദ്ധരാമയ്യ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ കാമാക്ഷി പാളയ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
'കഴിഞ്ഞ വര്‍ഷം ആസിഡ് ആക്രമണത്തിന് ഇരയായ ഒരു യുവതി ഇന്ന് എന്നെ സമീപിച്ച് അവരുടെ വിഷമങ്ങള്‍ പങ്കുവച്ചു. പ്രയാസങ്ങള്‍ക്കിടയിലും അവളുടെ ശക്തമായ ജീവിതാഭിലാഷം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഉടന്‍ തന്നെ കരാര്‍ അടിസ്ഥാനത്തില്‍ അവര്‍ക്ക് ജോലി നല്‍കാന്‍ അവിടെ സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് താന്‍ നിര്‍ദേശം നല്‍കി. ജനങ്ങളുടെ ദുരവസ്ഥകള്‍ ഏറ്റെടുക്കാനുള്ള അവസരമാണ് അധികാരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' - സിദ്ധരാമയ്യ ട്വീറ്റ് ചെയ്‌തു.
പ്രതിയെ പിടികൂടിയത് സന്ന്യാസിമാരുടെ വേഷം ധരിച്ച്: ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് കഴിഞ്ഞ വര്‍ഷം സന്ന്യാസിമാരുടെ വേഷം ധരിച്ച് തമിഴ്‌നാടിലെ തിരുവണ്ണാമലൈ ആശ്രമത്തില്‍ ഒളിച്ചിരുന്നു. ശേഷം, ഭക്തന്‍മാരായി വേഷം കെട്ടിയെത്തിയായിരുന്നു പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. നിലവില്‍ പ്രതിയായ നാഗേഷ് ബെംഗളൂരു ജയിലിലാണ്. ഇരയായ പെണ്‍കുട്ടിയുടെ ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് യുവതിക്ക് ചികിത്സയ്‌ക്ക് ആവശ്യമായ പണം അനുവദിച്ചിരിക്കുന്നത്.
അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പ്രധാന വാഗ്‌ദാനമായ 'അന്നഭാഗ്യ' പദ്ധതിക്കായി ഉയര്‍ന്ന അളവില്‍ അരി സംഭരിക്കുന്നതില്‍ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് അധിക അഞ്ച് കിലോയ്‌ക്ക് ബദലായി പണം നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഒരു കിലോയ്‌ക്ക് 34 രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ നല്‍കുക. ജൂലൈ ഒന്ന് മുതലാണ് പദ്ധതി ആരംഭിക്കുക.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ അരിക്ക് പുറമെ അധിക അഞ്ച് കിലോ നല്‍കുമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയിലെ വാഗ്‌ദാനം. ഒരു കിലോ അരിക്ക് 34 രൂപ എന്നതാണ് ദേശീയ ഫുഡ് കോര്‍പറേഷന്‍ നിശ്ചയിച്ച തുക. തങ്ങള്‍ അരി സംഭരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ മതിയായ അളവില്‍ ലഭ്യമാകുന്നില്ലെന്നും കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി കെ എച്ച് മുനിയപ്പ മന്ത്രിസഭായോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.