ന്യൂഡല്‍ഹി: കൊവിഡും പക്ഷിപ്പനിയും മൂലം ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന ഡല്‍ഹി മൃഗശാലയില്‍ കഴിഞ്ഞ വര്‍ഷം 125 മൃഗങ്ങള്‍ മാത്രമാണ് ചത്തത്. മൂന്ന് വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും കുറവ് മരണ നിരക്കാണിത്. വ്യാഴാഴ്‌ചയാണ് മൃഗശാല വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇന്നലെ മാത്രം 1645 പേരാണ് മൃഗശാല സന്ദര്‍ശിച്ചത്. നിലവില്‍ 1160 മൃഗങ്ങളാണ് ഇവിടെയുള്ളത്.
2020-21 സാമ്പത്തിക വര്‍ഷത്തിലെ മൃഗശാലയിലെ മരണനിരക്ക് 10 ശതമാനം മാത്രമാണെന്നും ഇത് 2017 മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണെന്നും ഡല്‍ഹി മൃഗശാല ഡയറക്‌ടര്‍ രമേഷ് പാണ്ഡെ പറഞ്ഞു. വിശദമായ കണക്കു വിവരങ്ങള്‍ ഏപ്രില്‍ പകുതിയോടെ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃഗശാലയിലെ ജീവനക്കാരുടെ കൃത്യമായ നിരീക്ഷണവും പരിശ്രമവുമാണ് മൃഗങ്ങളുടെ മരണനിരക്കില്‍ കുറവുണ്ടാകാന്‍ കാരണമെന്നും രമേഷ് പാണ്ഡെ പറഞ്ഞു.
മൃഗശാലയില്‍ പക്ഷിപ്പനി ആദ്യം സ്ഥിരീകരിക്കുന്നത് കഴിഞ്ഞ വര്‍ഷം ജനുവരി 15നാണ്. ബ്രൗണ്‍ ഫിഷ് മൂങ്ങയിലാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്നുള്ള ആഴ്‌ചകളില്‍ ഏഴിലധികം മൃഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. കണക്കുകള്‍ പ്രകാരം ഡല്‍ഹി മൃഗശാലയില്‍ 2019-20 വര്‍ഷം 172 മൃഗങ്ങളാണ് ചത്തത്. ആ വര്‍ഷം മരണ നിരക്ക് 17 ശതമാനത്തിലധികമായിരുന്നു . അതേ സമയം 2018-19 വര്‍ഷത്തില്‍ 188 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. മരണ നിരക്ക് ആ വര്‍ഷം 15 ശതമാനമായിരുന്നു.