സോളന്‍: മാതളം പൊതിഞ്ഞുവന്ന പെട്ടികളില്‍ കറൻസി നോട്ടിന്‍റെ കക്ഷണങ്ങള്‍. മാതളം കേടുകൂടാതെ പെട്ടികളില്‍ സൂക്ഷിക്കുന്നതിനായി ഒപ്പം വയ്ക്കുന്ന പേപ്പര്‍ കക്ഷണങ്ങള്‍ക്ക് ഒപ്പമാണ് ഇന്ത്യൻ കറൻസിയുടെ മുറിച്ചെടുത്ത നീളത്തിലുള്ള പേപ്പര്‍ ലഭിച്ചത്.
100,200, 500 രൂപ നോട്ടുകളുടെ കക്ഷണങ്ങളാണ് പെട്ടിയിലുണ്ടായിരുന്നത്. ഇത് യഥാര്‍ഥ നോട്ടിന്‍റെ കക്ഷണങ്ങളാണോ അതോ വ്യാജ നോട്ടിന്‍റെ കക്ഷണങ്ങളാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവ എങ്ങനെ പെട്ടിയില്‍ കടന്നുകൂടിയെന്നും അധികൃതര്‍ അന്വേഷിക്കുകയാണ്. പഞ്ചാബിലെ ബതിന്‍ണ്ടയിലും സമാനമായ പൊതികള്‍ ലഭിച്ചിരുന്നു.
ഹിമാചലിലെ കുളു ജില്ലയില്‍ നിന്നാണ് സോളന്‍ പഴം പച്ചക്കറി വിപണയിലേക്ക് മാതളം വരുന്നത്. ഈ കറന്‍സികള്‍ കള്ള നോട്ടാണോ എന്നുള്ളതിനെ പറ്റിയുള്ള പരിശോധന പൊലീസ് നടത്തികൊണ്ടിരിക്കുകയാണ്. ഈ പൊതികള്‍ ലഭിച്ച കച്ചവടക്കാരെ ചോദ്യം ചെയ്‌ത് വരികയാണെന്ന് സോളന്‍ എസ്‌പി വീരേന്ദ്ര ശര്‍മ പറഞ്ഞു. സംഭവത്തില്‍ ഫോറന്‍സിക് സംഘത്തിന്‍റെ സഹായം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാചലിലെ കുളു ജില്ലയില്‍ ഉറുമാമ്പഴത്തിന്‍റെ വിളവെടുപ്പ് സീസാണ് ഇപ്പോള്‍. എന്നാല്‍ പഴങ്ങള്‍ പൊതിയാനുള്ള പാക്കിങ് സാമഗ്രികളും പെട്ടികളും വരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. കുളുവില്‍ നിന്ന് ഉത്തരേന്ത്യയിലുള്ള പല സംസ്ഥാനങ്ങളിലേക്കും പഴങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.