ന്യൂഡൽഹി : രണ്ടുകുട്ടികളുടെ അമ്മയായ 27-കാരിയുടെ 26 ആഴ്‌ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. യുവതി തീരുമാനം പുനഃപരിശോധിക്കുകയും ഏതാനും ആഴ്‌ചകൾ കൂടി ഗർഭം ചുമക്കുകയും ചെയ്‌താൽ കുട്ടി വൈകല്യങ്ങളില്ലാതെ ജനിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി (CJI On Abortion Case- We Cannot Kill Child, There Are Rights Of Unborn Child Too). യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതിനൽകി സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഒക്ടോബർ ഒമ്പതിന് ഉത്തരവിറക്കിയിരുന്നു. തുടർന്ന് ഇത് പിൻവലിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ ഭിന്നവിധിയുണ്ടായതോടെയാണ് വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച്, ഗർഭസ്ഥ ശിശുവിനും അവകാശങ്ങളുള്ളതായും ഇതോടൊപ്പം സ്ത്രീയുടെ സ്വാതന്ത്ര്യവും തീർച്ചയായും പ്രധാനമാണെന്നും വാദത്തിനിടെ ഊന്നിപ്പറഞ്ഞു. ആർട്ടിക്കിൾ 21 പ്രകാരം യുവതിക്കും അവകാശമുണ്ട്, എന്നാൽ അതുപോലെതന്നെ എന്ത് ചെയ്‌താലും അത് ഗർഭസ്ഥ ശിശുവിന്‍റെ അവകാശത്തെ ബാധിക്കുമെന്ന വസ്‌തുതയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും കോടതി പറഞ്ഞു.
കോടതിയുത്തരവ് വഴി ഒരു കുഞ്ഞിനെ എങ്ങനെ മരണത്തിന് വിട്ടുകൊടുക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. വാദിഭാഗം അഭിഭാഷകനോട് തന്‍റെ കക്ഷിയെ ഉപദേശിക്കാനും അദ്ദേഹം നിർദേശിച്ചു. 'ആരാണ് ഗർഭസ്ഥ ശിശുവിന് വേണ്ടി ഹാജരാകുന്നത്? നിങ്ങൾ അമ്മയ്ക്കുവേണ്ടിയാണ് ഹാജരാകുന്നത്. ഇത് ഗർഭസ്ഥ ശിശുവിന്‍റെ അവകാശങ്ങൾ എങ്ങനെ സന്തുലിതമാക്കും?. ഇത് ജീവനുള്ള ഒരു ഭ്രൂണമാണ്. ഇന്ന് അതിജീവിക്കാനുള്ള സാധ്യതകൾ ഉണ്ട് -ചീഫ് ജസ്റ്റിസ് ഹർജിക്കാരിയായ യുവതിയുടെ അഭിഭാഷകനോട് പറഞ്ഞു. ഇതിന് മറുപടിയായി കുട്ടിയുടെ ഹൃദയമിടിപ്പ് തടയാൻ തന്‍റെ കക്ഷി ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഗർഭകാലത്തിലൂടെ കടന്നുപോകാൻ അവര്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്.
Also Read: അമ്മയാകണോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗം: കേരള ഹൈക്കോടതി
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഹർജിക്കാരിയുടെ അഭിഭാഷകനോടും കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറല്‍ ഐശ്വര്യ ഭാട്ടിയോടും ഗര്‍ഭിണിയായ യുവതിയോട് കാര്യങ്ങള്‍ സംസാരിക്കണമെന്ന് നിർദേശിച്ചു. നാളെ കോടതി വിഷയം വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹർജി വിശാല ബെഞ്ചിലെത്തിയത് ഇങ്ങനെ: യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി വനിത ജസ്‌റ്റിസുമാരായ ഹിമ കൊഹ്‌ലി, ബിവി നാഗരത്ന എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഒക്ടോബർ ഒമ്പതിന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ വിധി പിൻവലിക്കാനാവശ്യപ്പെട്ട് കേന്ദ്രം ഹര്‍ജി നല്‍കി. അമ്മയ്‌ക്ക് മാനസിക പ്രയാസങ്ങളുണ്ടെങ്കിലും കുഞ്ഞ് ആരോഗ്യത്തോടെ ജനിക്കാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ സമീപിച്ചത്.
എന്നാല്‍ വിധി പിൻവലിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ ഇതേ ബെഞ്ചിൽനിന്ന് ഭിന്നവിധിയാണുണ്ടായത്. ഗർഭസ്ഥശിശുവിന്‍റെ ഹൃദയ സ്‌പന്ദനം അവസാനിപ്പിക്കണമെന്ന് ഏത് കോടതിക്ക് പറയാനാകുമെന്ന് ജസ്റ്റിസ് ഹിമ കൊഹ്‌ലി ചോദിച്ചപ്പോൾ, അമ്മയുടെ മാനസികാവസ്ഥയും അസുഖങ്ങളും താത്പര്യവും മാനിക്കപ്പെടേണ്ടതാണെന്നാണ് ജസ്റ്റിസ് ബിവി നാഗരത്‌ന അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ ഭിന്നവിധിയുണ്ടായതോടെയാണ് വിഷയം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ വിശാല ബെഞ്ച് പരിഗണിച്ചത്.