ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും ക്രിയാത്മക സംവാദങ്ങൾ നടത്താത്തതിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എൻ വി രമണ. സംവാദങ്ങളുടെ അഭാവം നിയമങ്ങളുടെ പല വശങ്ങളെയും അവ്യക്തമാക്കുന്നുവെന്നും ഇത് നിയമനിർമാണ വ്യവസ്ഥയുടെ ഭാരം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സ്വാതന്ത്ര്യസമരസേനാനികളിൽ അധികവും അഭിഭാഷകരായിരുന്നു. അതുപോലെ തന്നെ ആദ്യ ലോക്‌സഭയിലെയും രാജ്യസഭയിലെയും ഭൂരിഭാഗം അംഗങ്ങളും നിയമജ്ഞരും അഭിഭാഷകരുമായിരുന്നു. അതുകൊണ്ട് തന്നെ ഗുണകരമായ സംവാദങ്ങളും സഭകളിൽ നടത്തിയിരുന്നു.
ALSO READ:'വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം'; രാജ്യസഭ സ്‌പീക്കര്‍ക്കു നേരെ ബുക്കെറിഞ്ഞ് പ്രതിഷേധം
തങ്ങളുടെ സ്വത്തും കുടുംബവും ത്യജിച്ചുകൊണ്ടാണ് അവർ നിയമരൂപീകരണത്തിനായി പോരാടിയത്. എന്നാൽ നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട വിപുലമായ ചർച്ചകളുടെ അഭാവം മൂലം പാർലമെന്‍റിലെ ഇപ്പോഴത്തെ സ്ഥിതി ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ഉത്‌കണ്ഠയറിയിച്ചു.
പാർലമെന്‍റിന്‍റെ നിലവിലെ പ്രവർത്തനത്തെ ശക്തമായി വിമർശിച്ച ചീഫ് ജസ്റ്റിസ് തൊഴിൽരംഗത്ത് മാത്രം ഒതുങ്ങുന്ന ഒരു ജീവിതം നയിക്കരുതെന്നും രാജ്യത്തസേവനത്തിനും പൊതുസേവനത്തിനുമായി കുറച്ചു സമയം സംഭാവന ചെയ്യണമെന്നും അഭിഭാഷകരോട് ആവശ്യപ്പെട്ടു.