ന്യൂഡൽഹി: പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. പിൻഗാമിയെ ശുപാർശ ചെയ്യുന്നതിനായി ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് കേന്ദ്ര സർക്കാർ കത്തയച്ചു. 74 ദിവസത്തെ സേവനത്തിന് ശേഷം നവംബർ എട്ടിനാണ് ജസ്റ്റിസ് ലളിത് വിമരിക്കുന്നത്.
ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസിനേയും സുപ്രീംകോടതി ജഡ്‌ജിമാരേയും നിയമിക്കുന്നതിന് ശുപാർശകൾ അയക്കുന്നതിന് ചീഫ് ജസ്‌റ്റിസിന് കത്തയച്ചതായി നിയമ-നീതി മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതാദ്യമായാണ് നിയമനം സംബന്ധിച്ച് മന്ത്രാലയം ട്വീറ്റ് ചെയ്യുന്നത്. എംഒപി(Memorandum of Procedure- സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്‌ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും മാർഗനിർദേശം നൽകുന്ന ഒരു രേഖ) അനുസരിച്ച് ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസാണ് ഏറ്റവും മുതിർന്ന ജഡ്‌ജിയെ അടുത്ത ചീഫ് ജസ്‌റ്റിസായി ശുപാർശ ചെയ്യേണ്ടത്.
നിലവിൽ ഡിവൈ ചന്ദ്രചൂഡാണ് ഏറ്റവും മുതിർന്ന ജഡ്‌ജി. കീഴ്‌വഴക്കങ്ങൾ അനുസരിച്ച് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് നവംബർ 9 ന് സത്യപ്രതിജ്ഞ ചെയ്യും. 2024 നവംബർ 10 വരെയാണ് ഡിവൈ ചന്ദ്രചൂഡിന് സേവനം ചെയ്യാനാകുക.
സുപ്രീം കോടതി ജഡ്‌ജിമാർ 65 വയസ് തികയുമ്പോഴും ഹൈക്കോടതി ജഡ്‌ജിമാർ 62 വയസിലുമാണ് വിരമിക്കുക.