ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്ന് മറ്റ് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തിയ വിഷയത്തില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി നേതാവ് തേജസ്വി സൂര്യയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരനോട് എമര്‍ജന്‍സി വാതില്‍ അബദ്ധത്തില്‍ തുറന്ന് പോയതാണെന്നും ഉടന്‍ തന്നെ ഇതില്‍ ക്ഷമാപണം നടത്തിയെന്നും തേജ്വസി സൂര്യയുടെ പേര് പറയാതെ ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.
തേജ്വസി സൂര്യയാണ് വാതില്‍ തുറന്നതെന്ന് എയര്‍ലൈന്‍ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2022 ഡിസംബർ 10ന് ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് 6E 7339 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരൻ ബോർഡിംഗ് സമയത്ത് അബദ്ധവശാൽ എമർജൻസി വാതില്‍ തുറന്നു എന്നാണ് ഇൻഡിഗോ ചൊവ്വാഴ്‌ച ഇറക്കിയ പ്രസ്‌താവനയിൽ പറഞ്ഞത്. യാത്രക്കാരൻ ഉടൻ തന്നെ ക്ഷമാപണം നടത്തി.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച്, വിമാനം നിർബന്ധിത എഞ്ചിനീയറിംഗ് പരിശോധനകൾക്ക് വിധേയമാക്കി. നടപടിക്രമങ്ങള്‍ വിമാനം പുറപ്പെടുന്നതിന് കാലതാമസമുണ്ടാക്കിയെന്നും ഇന്‍ഡിഗോ പ്രസ്‌താവനയില്‍ വ്യക്തമാക്കി. സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്‌തെന്നും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടായില്ലെന്നും ഡിജിസിഎ അധികൃതരും പറഞ്ഞു.
യാത്രക്കാരനോട് അബദ്ധവശാലാണ് എമര്‍ജന്‍സി വാതില്‍ തുറന്ന് പോയതെന്നാണ് ഡിജിസിഎ അധികൃതരും വ്യക്തമാക്കിയത്. വിമാനം നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം നടന്നതെന്നും അവര്‍ പറഞ്ഞു. വിമാനത്തിലെ മര്‍ദപരിശോധനയടക്കം നടത്തി സുരക്ഷിതമായി പറക്കാന്‍ സാധിക്കുമെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിമാനം പുറപ്പെട്ടതെന്നും ഡിജിസിഎ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.