ന്യൂഡൽഹി: പ്രേക്ഷകർ സ്വന്തമായി കയ്യിൽ കരുതുന്ന ഭക്ഷണ പാനീയങ്ങൾ സിനിമ തിയേറ്ററിനകത്തേക്ക് കയറ്റുന്നത് വിലക്കാൻ തിയേറ്ററുടമയ്‌ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. അതേസമയം തിയേറ്ററുകളും ശുദ്ധമായ കുടിവെള്ളം പ്രേക്ഷകർക്ക് സൗജന്യമായി നൽകണമെന്നും കുട്ടികളുമായി സിനിമ കാണാൻ എത്തുന്ന മാതാപിതാക്കൾക്ക് അവർ കൊണ്ടുവരുന്ന ഭക്ഷണം നിശ്ചിത അളവിൽ തിയേറ്ററിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
സിനിമ തിയേറ്ററുകളിൽ സ്വന്തം ഭക്ഷണസാധനങ്ങളും വെള്ളവും കൊണ്ടുപോകുന്നതിൽ നിന്ന് സിനിമ പ്രേക്ഷകരെ വിലക്കരുതെന്ന് ജമ്മു കശ്‌മീർ ഹൈക്കോടതി സംസ്ഥാനത്തെ തിയേറ്ററുടമകൾക്ക് നിർദേശം നൽകിയതോടെയാണ് ഈ പ്രശ്‌നം ഉടലെടുത്തത്. ഈ വിധിക്കെതിരെയാണ് തിയേറ്ററുടമകൾ സുപ്രീം കോടതിയെ സമീപിച്ചത്. സിനിമ തിയേറ്ററുകൾ സ്വകാര്യ സ്വത്തായതിനാൽ അവിടുത്തെ പ്രവേശന അവകാശം ഉടമകളിൽ നിക്ഷിപ്‌തമാക്കണമെന്ന് അപ്പീലുകൾക്ക് വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ വാദിച്ചു.
അതുപോലെ തന്നെ പ്രേക്ഷകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ എല്ലാ സിനിമ ഹാളുകളിലും വ്യവസ്ഥയുണ്ടെന്നും കുഞ്ഞുങ്ങൾക്ക് വേണ്ടി ഭക്ഷണം കൊണ്ടുവരാൻ രക്ഷകർത്താക്കൾക്ക് അനുവാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിയേറ്റർ സ്വകാര്യ സ്വത്തായതിനാൽ അത്തരം നിബന്ധനകളും വ്യവസ്ഥകളും പൊതുതാത്‌പര്യത്തിനും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വിരുദ്ധമല്ലാത്തിടത്തോളം ഉടമയ്‌ക്ക് നിബന്ധനകളും വ്യവസ്ഥകളും സജ്ജീകരിക്കാൻ അർഹതയുണ്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കവെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
തിയേറ്ററിൽ നിന്ന് ഭക്ഷണ പാനീയങ്ങൾ വാങ്ങണോ വേണ്ടയോ എന്നത് പ്രേക്ഷകന്‍റെ തീരുമാനമാമെന്നും ജമ്മു കശ്‌മീർ ഹൈക്കോടതി അതിന്‍റെ അധികാര പരിധി ലംഘിച്ചുവെന്നും അത്തരം നിർദേശങ്ങൾ ചുമത്തുന്നത് നിയമാനുസൃതമായ അവകാശങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.