ജയ്‌പൂര്‍: ചരിത്രം കഥ പറയുകയാണ് ചിത്തോര്‍ റെയില്‍വെ സ്റ്റേഷനിലെ ചുമരുകളില്‍. തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടുന്ന യാത്രക്കാരെ ഒരു നിമിഷം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നതാണ് ഈ ചുമരുകൾ. ഇവിടെ ചരിത്രം അതിന്‍റെ കാലക്രമത്തില്‍ കൊത്തിവെയ്ക്കപ്പെട്ടിരിക്കുന്നു. മേവാറിന്‍റെ കഥകളും മഹത്തായ ചരിത്രവും തിളങ്ങുന്ന കടും വര്‍ണങ്ങളില്‍ ഈ റെയില്‍വെ സ്റ്റേഷനിലെ ചുമരുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് ചുമരുകളില്‍ വര്‍ണം ചാലിക്കാന്‍ സ്റ്റേഷന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇതിലൂടെ യാത്രക്കാര്‍ക്ക് ഒരേ സമയം മേവാറിനെയും ഇവിടുത്തെ ധീരപുത്രന്മാരെയും അടുത്തറിയാനുള്ള അവസരം തന്നെ ലഭിക്കുന്നു. മേവാറിന്‍റെ ശൗര്യവും ആത്മാഭിമാനവുമാണ് പ്ലാറ്റ്‌ഫോമിലെ ചുമരുകളിലും സ്റ്റേഷനിലെ കാത്തിരുപ്പു മുറികളിലും ഒരുക്കിയ ചിത്രങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. പുസ്‌തകങ്ങളില്‍ മാത്രം വായിച്ച് പരിചയമുള്ള കുറെ മനുഷ്യരുടെ കഥകളാണ് ഇതെല്ലാം.
ചിത്തോര്‍ഗഡ് സ്റ്റേഷനിലെ ഓരോ ചുമരുകളും മേവാറിന്‍റെ രണ വീര്യത്തിന്‍റെയും നാടോടി സംസ്‌കാരത്തിന്‍റെ കഥകള്‍ പറയുന്നു. സ്വാമി ഭക്ത ചേതക്, ഹാഥി റാം പ്രസാദ്, ധന്‍വീര്‍ ബമാഷ, പന്നാ ദായ് എന്നിങ്ങനെ നിരവധി കഥാപാത്രങ്ങള്‍ ഈ ചുമരുകളിലുണ്ട്. മുറിവേറ്റ രാജാവ് റാണാ സംഗയും മേവാറിനെ രക്ഷിക്കാന്‍ ജൗഹര്‍ അനുഷ്‌ഠിച്ച റാണി പത്‌മിനിയും രാജകുമാരന് പകരം സ്വന്തം മകനെ നല്‍കിയ പന്നാ ദായിയുമെല്ലാം ഈ ചുമരുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ബില്‍വാരയില്‍ നിന്നുള്ള ചിത്രകാരനാണ് ഈ ചുമര്‍ ചിത്രങ്ങളെല്ലാം വരച്ചിട്ടുള്ളത്. ആരെയും ആകര്‍ഷിക്കുന്ന ഈ ചിത്രങ്ങളൊരുക്കിയ ആ കലാകാരനെ റെയില്‍വെ ആദരിക്കുകയും ചെയ്‌തു. നഗരത്തിലെത്തുന്ന ആളുകള്‍ക്ക് ഊഷ്‌മളമായ വരവേല്‍പ് നല്‍കുന്ന മേവാറിന്‍റെ രീതിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒപ്പം രാജസ്ഥാനിന്‍റെ ചരിത്രം കണ്ടറിയാനും മനസിലാക്കാനും സാധിക്കുന്ന ഏക റെയില്‍വെ സ്റ്റേഷനാണിതെന്ന് നമ്മുക്ക് അഭിമാനത്തോടെ പറയാം.