മല്‍ക്കാന്‍ഗിരി: ആന്ധ്രപ്രദേശ് - ഒഡിഷ അതിർത്തിയില്‍, പരമ്പരാഗത ആയുധങ്ങള്‍ കൊണ്ട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആദിവാസികള്‍. ഒഡിഷയിലെ മല്‍ക്കാന്‍ഗിരി ചിത്രകൊണ്ട പൊലീസ് സ്റ്റേഷനാണ് അമ്പും വില്ലും കുന്തവും വടിയും മറ്റ് ആയുധങ്ങളുമായെത്തി ആക്രമിച്ചത്. നിര്‍ത്തിയിട്ട പൊലീസ് ജീപ്പും കെട്ടിടത്തിന്‍റെ ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു.
ഗുരുപ്രിയ പാലം പണി പൂര്‍ത്തിയാക്കിയെങ്കിലും സർക്കാർ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നൽ നൽകുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ഈ വിഷയത്തില്‍ ഏഴ് പഞ്ചായത്തുകളിലെ ആദിവാസികൾ ചിത്രകൊണ്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ആദിവാസി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരും സ്‌ത്രീകളും ഇരച്ചുകയറി ആക്രമണം നടത്തിയത്.
എസ്.പിക്ക് പരാതി നല്‍കി, നടപടിയില്ല: സ്ഥലം എം.എൽ.എ എത്തി ആദിവാസികളെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് സ്റ്റേഷനിൽ നിന്ന് പറഞ്ഞയച്ചു. എന്നാൽ, സ്റ്റേഷന്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം നിരവധി ഗ്രാമങ്ങളിലെ കടകളില്‍ നിന്നും ചിത്രകൊണ്ട പൊലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന്, ചില യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവത്തില്‍ പൊലീസും ആദിവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. ചിലർക്ക് പരിക്കേൽക്കുകയും രണ്ട് മോട്ടോർ ബൈക്കുകള്‍ തകരുകയും ചെയ്‌തു. ഇതില്‍ ആദിവാസികൾ മൽക്കാൻഗിരി ജില്ല എസ്.പിയ്‌ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.