രൂപ്‌നഗര്‍ (പഞ്ചാബ്) : പട്ടം പറത്താനുപയോഗിക്കുന്ന മഞ്ച ചരട് കഴുത്തില്‍ മുറുകി 13 വയസുകാരന്‍ മരിച്ചു. പഞ്ചാബിലെ രൂപ്‌നഗറിലെ മജ്‌രി കോട്‌ല നിഹാങ് റോഡിലാണ് സംഭവം. നവംബര്‍ 12ന് വൈകിട്ട് നാല് മണിയോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയുടെ കഴുത്തില്‍ എളുപ്പത്തില്‍ കണ്ണില്‍പ്പെടാത്ത മഞ്ച ചരട് ചുറ്റി മുറുകുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ ജോലിയ്‌ക്ക് പോയ സമയത്താണ് സംഭവം. കഴുത്തില്‍ ചരട് മുറുകി ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടില്‍ തിരിച്ചെത്തി മുത്തശ്ശിയെ വിവരം അറിയിച്ചു. കഴുത്തില്‍ ആഴത്തിലുണ്ടായ മുറിവിനെ തുടര്‍ന്ന് കുട്ടിയ്‌ക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.
ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ ഡോക്‌ടര്‍ എത്രയും വേഗം കുട്ടിയെ ചണ്ഡിഗഡിലെ പിജിഐ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. പക്ഷേ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് ധാരാളം രക്തം വാര്‍ന്നുപോയ കുട്ടി മരണപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് പട്ടം പറത്തുന്ന സീസണില്‍ മഞ്ച ചരട് കഴുത്തില്‍ മുറുകിയുള്ള മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മഞ്ച ചരട് നിരോധിക്കണമെന്നും മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.