ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെയും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും കമ്പ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ട്. ചൈനീസ് പിന്തുണയുള്ള എ.പി.ടി 10 ഹാക്കർമാരാണ് ഇരു കമ്പനികളുടെയും നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സൈബർ രഹസ്യാന്വേഷണ ഏജൻസിയായ സൈഫേമയാണ് ഇക്കാര്യം പുറത്തു വിട്ടത്.
വാക്‌സിൻ ഗവേഷണ ഡാറ്റ, രോഗികളുടെ വിവരങ്ങൾ, ക്ലിനിക്കൽ ട്രയൽസ് ഡാറ്റ, സപ്ലെ ചെയിൻ, വാക്‌സിൻ ഉൽപാദന വിവരങ്ങൾ തുടങ്ങിയവ ചോർത്തുകയായിരുന്നു ഹാക്കർമാരുടെ ലക്ഷ്യമെന്നാണ് വിവരം. അതേ സമയം ഹാക്കിങ്ങ് ശ്രമത്തെക്കുറിച്ച് ഭാരത് ബയോടെക്കോ സിറം ഇൻസ്റ്റിറ്റ്യൂട്ടോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.