ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം കുറയ്‌ക്കാന്‍ ചൈനയുടെ ശ്രമമെന്ന് പൊലീസ് മേധാവികളുടെ കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങള്‍ക്ക് വായ്‌പയായും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്‍ഡായും വലിയ തുക നല്‍കുകയാണ് ചൈന. ഇതിലൂടെ ചൈന ലക്ഷ്യം വയ്‌ക്കുന്നത് മേഖലയിലെ ഇന്ത്യന്‍ സ്വാധീനം കുറയ്‌ക്കാനാണെന്ന് ഐപിഎസ് ഓഫിസര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പരമ്പരാഗതമായി ഇന്ത്യയ്‌ക്ക് സ്വാധീനമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ചൈനയുടെ പ്രവര്‍ത്തന മണ്ഡലം വിപുലപ്പെടുകയാണ്. ചൈനയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി തര്‍ക്കങ്ങളില്‍ അവര്‍ക്ക് അനുകൂലമായ രീതിയില്‍ പ്രശ്‌നപരിഹാരം കാണുന്നതിനായി ഇന്ത്യയെ നിര്‍ബന്ധിതമാക്കാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സ്വാധീനം ഉപയോഗപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. രാജ്യത്തെ ഡിജിപിമാരുടെയും ഐജിമാരുടെയും മൂന്ന് ദിവസത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ദോവല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. 350 ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍പങ്കെടുത്തത്.
ഏഷ്യയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാവാന്‍ ആദ്യം ഇന്ത്യയെ 'വെട്ട'ണമെന്ന് വിലയിരുത്തല്‍: ബൈല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷേറ്റീവ്, ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം എന്നിവ ഉപയോഗിച്ച് മേഖലയില്‍ ഇന്ത്യയെ ഞെരുക്കാനാണ് ചൈനയുടെ ശ്രമമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. കഴിഞ്ഞ രണ്ടര ദശാംബ്‌ദങ്ങളില്‍ ചൈന സാമ്പത്തികമായും സൈനികമായും വലിയ രീതിയില്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്‌ക്കുള്ള സ്വാധീനം കുറയ്‌ക്കുന്നതിലൂടെ ചൈന ലക്ഷ്യം വയ്‌ക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയ്‌ക്കുകയാണ്.
അങ്ങനെ ഏഷ്യയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മാറാനുള്ള ഏകതടസം ഇല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ലോകസൂപ്പര്‍പവര്‍ ആയി മാറാനുള്ള ആദ്യപടിയായാണ് ഇതിനെ ചൈന കാണുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കേവലം വ്യാപരപരവും വികസനപരവുമായ കാര്യങ്ങളില്‍ മത്രമല്ല മറിച്ച് രാഷ്‌ട്രീയവും സൈനികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ചൈന.
ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ചൈനയെ സ്വാഗതം ചെയ്യുന്നത് വെല്ലുവിളി: പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ചൈന വലിയ രീതിയില്‍ പണം നിക്ഷേപിക്കുകയാണ്. ഈ രാജ്യങ്ങള്‍ ചൈനയെ കാണുന്നത് വികസന പങ്കാളിയായിട്ടാണ്. സാങ്കേതികമായ വികസനത്തിനും ചൈനയുടെ സഹായം ആവശ്യമാണെന്ന് ഈ രാജ്യങ്ങള്‍ വിലയിരുത്തുന്നു.
ബംഗ്ലാദേശിന്‍റെയും ശ്രീലങ്കയുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. നേപ്പാളിന്‍റെയും, മാലദ്വീപിന്‍റെയും രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും. ഈ രാജ്യങ്ങളുടെ ചൈനയുമായുള്ള സാമ്പത്തിക ആശ്രയത്വം രാഷ്‌ട്രീയമായ ആശ്രയത്വമായി മാറുകയാണ്.
കൊവിഡ് സാഹചര്യവും ഉപയോഗപ്പെടുത്തി ചൈന: കൊവിഡ് ചൈനയ്‌ക്ക് ഈ രാജ്യങ്ങളില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കുന്നതിന് സഹായകരമായി. കൊവിഡ് നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങളും, കൊവിഡിനെ നേരിടാന്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങളും ഈ രാജ്യങ്ങള്‍ക്ക് ചൈന നല്‍കി. ഭൗമ രാഷ്‌ട്രീയത്തില്‍ ഈ രാജ്യങ്ങളെ തങ്ങള്‍ക്കനുകൂലമാക്കുകയാണ് ഈ സഹായങ്ങളുടെയെല്ലാം ചൈനയുടെ ആത്യന്തികമായ ലക്ഷ്യം.
ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് തങ്ങള്‍ നല്‍കുന്ന സാമ്പത്തികമായ സഹായങ്ങള്‍ ദീര്‍ഘകാല തന്ത്രപരമായ താത്‌പര്യവുമായി സമന്വയിപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണ്. പരമ്പരാഗതമായി ഇന്ത്യയ്‌ക്ക് സ്വാധീനമുള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഏറ്റവും വലിയ ശക്തിയായി വളരാനാണ് ചൈനയുടെ ശ്രമം. ഇതിന് ചൈനയ്‌ക്ക് മുന്നിലുള്ള ഏക വെല്ലുവിളി ഇന്ത്യയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഇന്ത്യയുടെ സ്വാധീനം കുറയ്‌ക്കുകയാണ് ചൈന ലക്ഷ്യം വയ്‌ക്കുന്നത്.