ന്യൂഡൽഹി: കിഴക്കൻ ലഡാക്കിന് സമീപത്ത് വിന്യസിച്ചിരുന്ന സൈനിക സംഘത്തെ മാറ്റി പീപ്പിൾസ് ലിബറേഷൻസ് ആർമി. പ്രദേശത്തെ കഠിനമായ തണുപ്പ് സൈനികരെ മോശമായി ബാധിച്ചതിനെത്തുടർന്ന് പുതിയ സേനയെ വിന്യസിച്ചിരിക്കുകയാണ് ചൈന. കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് ചൈന കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ പ്രദേശത്തിന് സമീപം 50,000 സൈനികരെ വിന്യസിച്ചത്. കടുത്ത തണുപ്പും മറ്റ് അനുബന്ധ പ്രശ്നങ്ങളും ചൈനീസ് സൈനികരെ സാരമായി ബാധിച്ചതിനെത്തുടർന്നാണ് ഇങ്ങനെയൊരു നീക്കമെന്നാണ് നിഗമനം.
Also read: മലയാളം വിലക്കിയ നടപടി : ഭാഷാവിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍
നിലവിൽ പാംഗോംഗ് പ്രദേശത്ത് വളരെ പരിമിതമായാണ് ചൈനീസ് സേന പട്രോളിംങ് നടത്തുന്നത്.ഇരു രാജ്യങ്ങളും സേനയെ കിഴക്കൻ ലഡാക്കിലും മറ്റ് പ്രദേശങ്ങളിലും വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ചൈനയുടെ ആക്രമണത്തിന് ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുന്നത് ഉറപ്പാക്കുകയും ചെയ്തിരുന്നു. പാംഗോംഗ് തടാക പ്രദേശത്ത് അതത് സ്ഥാനങ്ങൾ ഉപേക്ഷിക്കാനും പട്രോളിംങ് നിർത്താനും ഇരുപക്ഷവും സമ്മതിച്ചു. എന്നിരുന്നാലും ഈ സ്ഥലങ്ങളിൽ നിന്ന് പിൻമാറിയ സൈനികർ വളരെ അടുത്താണ് കഴിയുന്നത്. ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നാരവാനെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ലഡാക്ക് സന്ദർശിച്ചിരുന്നു. കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും പ്രശ്‌ന പരിഹാരത്തിനായി വിവിധ നിർദേശങ്ങൾ നൽകി.