ന്യൂഡൽഹി: ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ശക്തമായി എതിർത്ത് ചൈന. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ന്യായവും, നിഷ്പക്ഷവും വിവേചനരഹിതവുമായ ബിസിനസ് അന്തരീക്ഷം പ്രതീക്ഷിക്കുന്നതായി ചൈനീസ് എംബസി അധികൃതർ അറിയിച്ചു. മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതിന് ദേശീയ സുരക്ഷ എന്ന കാരണം ആവർത്തിച്ച് ഉപയോഗിക്കുന്നത് ശരിയല്ല. ചൈനയും ഇന്ത്യയും പരസ്പര വികസനത്തിനുള്ള അവസരങ്ങളാണെന്നും എംബസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ചൈനയുടെ 43 ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ചൈനയുടെ പ്രതികരണം. അലി എക്സ്പ്രസ്സ്, അലിബാബ വർക്ക്ബെഞ്ച്, വെവർക് ചൈന, കാംകാർഡ്, സ്നാക്ക് വീഡിയോ എന്നിവ നിരോധിത ആപ്ലിക്കേഷനുകളിൽ പെടുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാനും ചൈനീസ് സർക്കാർ വിദേശ ചൈനീസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇരുപക്ഷവും ഉഭയകക്ഷി സാമ്പത്തിക, വാണിജ്യ ബന്ധങ്ങളെ പരസ്പര നേട്ടത്തിനായി ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരണമെന്നും നയതന്ത്ര ചർച്ചകൾ ഫലം കാണുമെന്നും ചൈനീസ് എംബസി വ്യക്തമാക്കി.
ജൂൺ 29ന് ചൈനയുടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. 2020 സെപ്റ്റംബർ 2ന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69 എ പ്രകാരം 118 ആപ്ലിക്കേഷനുകൾ കൂടി നിരോധിത ആപ്പുകളിൽ ഉൾപ്പെടുത്തി.