ഹൈദരാബാദ്: ഇന്ന് ശിശുദിനം. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെ ജന്മദിനമായ നവംബർ 14 നാണ് രാജ്യം ശിശുദിനം ആഘോഷിക്കുന്നത്. 'ചാച്ചാജി" എന്ന് സ്‌നേഹപൂർവ്വം വിളിക്കപ്പെടുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി തന്‍റെ രാഷ്‌ട്രീയ പ്രാഗത്ഭ്യത്തിനപ്പുറം കുട്ടികളോടുള്ള അഗാധമായ സ്നേഹം കൊണ്ടും അവരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രയത്നം കൊണ്ടും ശ്രദ്ധേയനാണ്. കുട്ടികളോടുള്ള നെഹ്റുവിന്‍റെ സ്നേഹത്തിന്‍റെ തെളിവാണ് ചാച്ചാജി എന്ന വിളിപ്പേര് (November 14th Children's Day).
കുട്ടികളെ ഇന്ത്യയുടെ ഭാവിയായി കണ്ട ചാച്ചാജിയുടെ ഓർമപ്പെടുത്തൽ മാത്രമല്ല,കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും യുവതലമുറയ്ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുന്നതിന് വ്യക്തികളോടും സമൂഹങ്ങളോടും സർക്കാരുകളോടും ഐക്യപ്പെടാനും ശിശുദിനം ആഹ്വാനം ചെയ്യുന്നു.
ശിശുദിനത്തിന്‍റെ ചരിത്രം: ഇന്ത്യയില്‍ ശിശുദിനത്തിന്‍റെ ചരിത്രം ശ്രദ്ധേയമാണ്. നെഹ്‌റുവിനു മുമ്പും ശിശുദിനം ആചരിച്ചിരുന്നു. റോസ് ഡേ എന്ന പേരിൽ 1857 മുതല്‍ ജൂണ്‍ രണ്ടാം ഞായറാഴ്‌ച കുട്ടികൾക്കായുളള ഒരു ദിനം ആഘോഷിച്ചു തുടങ്ങി. പിന്നീട് 1950 മുതൽ കുട്ടികളുടെ സംരക്ഷണത്തിനായി അന്താരാഷ്‌ട്രതലത്തില്‍ ജൂണ്‍ ഒന്ന് ശിശുദിനമായി ആഘോഷിച്ചു തുടങ്ങി.
എന്തിന് നവംബര്‍ 14 ?ഐക്യരാഷ്‌ട്രസഭയുടെ ലോക ശിശുദിനത്തോട് ചേർന്ന് ഇന്ത്യയിൽ ആദ്യം നവംബർ 20 നായിരുന്നു ശിശുദിനം. എന്നാൽ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും നെഹ്‌റു ചെലുത്തിയ അഗാധമായ സ്വാധീനം തിരിച്ചറിഞ്ഞ് 1964-ൽ അദ്ദേഹത്തിന്‍റെ വേർപാടിനെ തുടർന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി പ്രഖ്യാപിച്ച് ഇന്ത്യൻ പാർലമെന്‍റ് പ്രമേയം പാസാക്കി.
പ്രാധാന്യം: ശിശുദിനത്തിന്‍റെ സാരം സുരക്ഷിതവും ആരോഗ്യകരവുമായ ബാല്യകാലം വളർത്തിയെടുക്കുക എന്നതാണ്. വിദ്യാഭ്യാസം, പോഷകാഹാരം, സുരക്ഷിതമായ ഗാർഹിക അന്തരീക്ഷം തുടങ്ങിയവയിലൂടെ കുട്ടികളുടെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പാക്കിക്കൊണ്ട് അവരുടെ അവകാശങ്ങൾ അംഗീകരിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള ഒരു വേദിയാണ് ശിശുദിനം.
ലോകത്തിന്‍റെ ഭാവി വാഗ്‌ദാനങ്ങളെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശിശുദിന ആഘോഷം സമൂഹത്തെ പ്രേരിപ്പിക്കുന്നു.
ലക്ഷ്യം:ശിശുദിനത്തിലൂടെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിനും പരിപോഷണത്തിനും സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ്. ദാരിദ്ര്യം,വിദ്യാഭ്യാസത്തിനുള്ള പ്രതിസന്ധികള്‍, ആരോഗ്യപരിരക്ഷയിലെ അസമത്വങ്ങൾ, ബാലവേലയുടെ വ്യാപനം തുടങ്ങി കുട്ടികള്‍ നേരിടുന്ന ആഗോള വെല്ലുവിളികളിൽ ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എന്തുകൊണ്ട് ചാച്ചാജി ? 'ദി ഡിസ്‌കവറി ഓഫ് ഇന്ത്യ', 'ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്‌റ്ററി', ആത്മകഥയായ 'ടുവേർഡ് ഫ്രീഡം' തുടങ്ങിയ കൃതികളിലൂടെ സാഹിത്യ മേഖലയിൽ ജവഹര്‍ ലാല്‍ നെഹ്‌റു തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു.
'ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ നിർമ്മിക്കും എന്ന വിശ്വാസമായിരുന്നു നെഹ്‌റുവിന്‍റെ ഭാവി ദർശനം. പ്രധാനമന്ത്രിയായിരിക്കെ നെഹ്‌റു സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ കൊഴിഞ്ഞ് പോക്കും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ പഞ്ചവത്സര പദ്ധതിയിലൂടെ സൗജന്യ പ്രാഥമിക ഭക്ഷണം ഉൾപ്പെടുത്തി.
നെഹ്‌റുവിന്‍റെ പ്രതിബദ്ധത അക്കാദമിക മേഖലകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും ഒരു വ്യക്തിയുടെ സാമ്പത്തിക അഭിലാഷങ്ങളും സാമൂഹിക സംഭാവനകളും രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന് പങ്കുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്‌തു.
ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം), തുടങ്ങി നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു.
എഴുത്തിലും അഭിമുഖത്തിലും നെഹ്റു: കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമത്തിനായുള്ള നെഹ്‌റുവിന്‍റെ ആത്മ സമര്‍പ്പണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ പേഴ്‌സണൽ അസിസ്‌റ്റന്‍റ് എം.ഒ.മത്തായി തന്‍റെ 'മൈ ഡെയ്‌സ് വിത്ത് നെഹ്‌റു' (1979) എന്ന പുസ്‌തകത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് "കുട്ടികളുടെ നിഷ്‌കളങ്കമായ മുഖങ്ങളിലും തിളങ്ങുന്ന കണ്ണുകളിലൂം നെഹ്റു ഇന്ത്യയുടെ ഭാവി കണ്ടു"
കുട്ടികളോടുളള സ്‌നേഹസൂചകമായി ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ സൃഷ്‌ടിക്കുമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ടെന്നും അവരെ വളർത്തിയെടുക്കുന്ന രീതി ഭാവിയെ നിർണ്ണയിക്കുമെന്നും 1958-ലെ ഒരു അഭിമുഖത്തിൽ റാം നാരായണൻ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായി നെഹ്റു പറഞ്ഞിരുന്നു.
ഈ ശിശുദിനത്തിലും രാജ്യത്തും ആഗോളതലത്തിലും കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും നിരവധിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.