ന്യൂഡൽഹി: ഇന്ത്യയിൽ 8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിലവില്‍ കൊവിഡ് വാക്‌സിനുകൾ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ഇന്ത്യയിൽ കൊവിഡ് വാക്സിൻ നിർമ്മിക്കുന്ന കമ്പനികൾക്ക് 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള അംഗീകാരം മാത്രമാണ് നൽകിയിട്ടുള്ളത്. അതിനാൽ കുട്ടികളിൽ ഉടൻ വാകിസിൻ നൽകില്ലെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
പന്ത്രണ്ടാം ക്ലാസ്സിലെ ബോർഡ് പരീക്ഷക്ക് ഹാജരാകുന്ന എല്ലാ വിദ്യാർഥികൾക്കും കുത്തിവയ്പ് നൽകണമെന്ന ഹർജിക്ക് മറുപടിയായാണ് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഭാരത് ബയോടെക്കിന് 2 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിൽ കോവാക്‌സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ മെയ് പതിനൊന്നിന് അനുവദി നൽകിയിട്ടുണ്ടെന്നും കൂടുതൽ പരീക്ഷണങ്ങൾ നടക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
ALSO READ: 'ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ'; ഗൂഗിൾ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി സൈബർ ലോകം
ഡൽഹിയിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകണമെന്ന് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകൻ ജ്യോതി അഗർവാളാണ് ഹർജി സമർപ്പിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക് ഏകദേശം 2.5 ലക്ഷം കുട്ടികളാണ് പങ്കെടുക്കുന്നത് എന്നും ഹർജയിൽ പറയുന്നു. ഇതിനെ തുടർന്ന് യൂണിയൻ ഓഫ് ഇന്ത്യ, എൻസിടി എന്നിവരിൽ നിന്ന് ഡൽഹി ഹൈക്കോടതി പ്രതികരണം തേടിയിരുന്നു. ഇതിൽ വാദം ജൂലൈ 16 കോടതി കേൾക്കും.