കടപ്പ : സ്‌കൂളിൽ പോകണം, പഠനം തുടരണം. എന്നാൽ അതിന് നടപ്പാത ഇല്ലാത്തത് ഒരു തടസമാണെങ്കിൽ എന്തുചെയ്യും? അതിനുള്ള ഉത്തരം തങ്ങളുടെ ഇച്ഛാശക്തിയിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും നൽകിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ.
രണ്ട് മാസം മുമ്പ് ആന്ധ്രാപ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിൽ കടപ്പയിലെ ബുഗ്ഗവങ്കയിലെ നടപ്പാത ഒലിച്ചുപോയിരുന്നു. പ്രദേശത്തെ നിരവധി കുട്ടികൾക്ക് കൃത്യസമയത്ത് സ്‌കൂളിലെത്താനുള്ള ഏക മാർഗം അതായിരുന്നു. എന്നാൽ തങ്ങളുടെ പഠനസ്വപ്‌നങ്ങളെ ഒലിച്ചുപോകാൻ അനുവദിച്ചില്ല ഇവിടുത്തെ കുരുന്നുകൾ. സ്‌കൂളിലേക്കുള്ള വഴി സ്വയം നിർമിച്ച് മാതൃകയായിരിക്കുകയാണ് ഇവിടത്തെ വിദ്യാർഥികൾ.
ALSO READ:സ്വത്ത് തര്‍ക്കത്തില്‍ വാക്കേറ്റം, പിന്നെ കല്ലേറ് ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്
നിരവധി പേരുടെ യാത്രാമാർഗമായിരുന്ന നടപ്പാലം ഒലിച്ചുപോയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാരോ അധികൃതരോ യാതൊരു നീക്കവും നടത്താതായതോടെയാണ് ആ ദൗത്യം സ്വയം ഏറ്റെടുക്കാൻ കുട്ടികൾ തീരുമാനിക്കുന്നത്. ഇതിനായി പ്രദേശവാസികളിൽ നിന്നും 3000 രൂപ ഫണ്ട് സമാഹരിച്ച് പാലം നിർമിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങി.
തുടർന്ന് തടിയും പലകയും മറ്റും ഉപയോഗിച്ച് ഉഗ്രൻ പാലം നിർമിക്കുകയും ചെയ്തു. ഇതോടെ കുട്ടികൾക്ക് ഏറെ ദൂരം നടക്കാതെ സ്കൂളിലെത്താനുള്ള മാർഗമായി. ഏതായാലും കുട്ടികൾ മുന്നിട്ടിറങ്ങിയതിനാൽ നാട്ടിലെ മുതിർന്നവർക്കും ഇപ്പോൾ നടപ്പാതയായതിന്‍റെ സന്തോഷത്തിലാണ്.