കാക്കിനട (ആന്ധ്രാപ്രദേശ്) : മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ വയറ്റിൽ കുടുങ്ങിയ ബാറ്ററി മൂന്ന് ദിവസത്തിന് ശേഷം എൻഡോസ്‌കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. കാക്കിനട സ്വദേശിനിയായ പ്രശാന്തിയുടെ വയറിൽ കുടുങ്ങിയ ബാറ്ററിയാണ് വിശാഖപട്ടണം കെജിഎച്ച് ആശുപത്രിയിൽ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ഈ മാസം ആറിനാണ് കളിക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ബാറ്ററി വിഴുങ്ങുന്നത്. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ വിശാഖപട്ടണത്തെ കെജിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിശുരോഗ വിദഗ്‌ധരുടെ നിർദേശപ്രകാരം സീലിയാക് ഡിസീസ് വിഭാഗം മേധാവി പ്രൊഫസർ ഡോ. എൽ.ആർ.എസ് ഗിരിനാഥ് ആണ് പെൺകുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവന്നിരുന്നത്.
5 സെന്‍റീമീറ്റർ നീളവും 1.20 സെന്‍റീമീറ്റർ വീതിയുമുള്ള ബാറ്ററിയാണ് കുട്ടി വിഴുങ്ങിയത്. വയറിന്‍റെ ഒരു ഭാഗത്തായി ബാറ്ററി കുടുങ്ങിയിരിക്കുന്നത് എക്‌സ്-റേയിൽ വ്യക്തമായിരുന്നു. തുടർന്നാണ് എൻഡോസ്‌കോപ്പിയിലൂടെ ഡോക്‌ടർമാർ ബാറ്ററി പുറത്തെടുത്തത്.
ബാറ്ററി പുറത്തെടുക്കാൻ വൈകിയിരുന്നുവെങ്കിൽ അത് ചോർന്ന് രാസ അണുബാധ ഉണ്ടാകുമായിരുന്നുവെന്നും പെൺകുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളാകുമായിരുന്നുവെന്നും ഡോ. ഗിരിനാഥ് പറയുന്നു. എൻഡോസ്‌കോപ്പി ബുദ്ധിമുട്ടുള്ളതായിരുന്നുവെങ്കിലും ഡോക്‌ടർമാരുടെ ശ്രദ്ധാപൂർവമുള്ള പ്രവർത്തനത്തെ തുടർന്നാണ് വിജയകരമായി പൂർത്തിയാക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.