ലക്‌നൗ: തെരുവുനായ്‌ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഏഴ് വയസുകാരന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ മൊറാദാബാദ് ജില്ലയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ ജില്ലയിലെ റുസ്‌താംപൂര്‍ ഖാസ് ഗ്രാമത്തിലായിരുന്നു സവേന്ദ്ര എന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മൂത്ത സഹോദരിയോടൊപ്പം മാതാപിതാക്കള്‍ക്ക് ചായ വാങ്ങി മടങ്ങുകയായിരുന്നു കുട്ടി. തുടര്‍ന്ന് നടന്നുപോവുമ്പോള്‍ തെരുവുനായകള്‍ കുട്ടിയുടെ ചുറ്റും വട്ടം കൂടി. തെരുവുനായ്‌ക്കള്‍ സവേന്ദ്രയ്‌ക്ക് ചുറ്റും കൂടുന്നത് ശ്രദ്ധയില്‍പ്പെട്ട മൂത്ത സഹോദരി പ്രദേശവാസികളെ വിവരമറിയിക്കാനായി ഓടി.
വിവരം ലഭിച്ച പ്രദേശവാസികള്‍ കുട്ടിയെ രക്ഷിക്കാന്‍ വടിയും ഇരുമ്പുമായി എത്തി. എന്നാല്‍, ഈ സമയം തെരുവുനായ്‌ക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തെരുവുനായ്‌ക്കളെ തുരത്തിയോടിച്ച ശേഷം പ്രദേശവാസികള്‍ കുട്ടിയെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും കുട്ടി മരണപ്പെട്ടിരുന്നു. തെരുവുനായ്‌ക്കളുടെ ശല്യം പരിഹരിക്കുന്നതിനായി പ്രാദേശിക ഭരണകുടം നടപടി സ്വീകരിക്കുന്നില്ലെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം ആരോപിച്ചു. കൂടാതെ, ഗ്രാമത്തില്‍ നിന്ന് ഉടനടി തെരുവുനായ്‌ക്കളെ നീക്കം ചെയ്യണമെന്ന് അവര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
സവേന്ദ്രയെ ആക്രമിച്ച നായ്‌ക്കള്‍ പ്രദേശവാസികളെ ഗ്രാമത്തിലൂടെ നടക്കാന്‍ അനുവദിക്കുന്നില്ലെന്നും നായ്‌ക്കളെ ഭയന്ന് കയ്യില്‍ വടിയുമായാണ് പ്രദേശവാസികള്‍ നടക്കാറുള്ളതെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, വിഷയത്തില്‍ ജില്ല ഭരണകുടത്തിനെതിരെയും അവര്‍ ആഞ്ഞടിച്ചു. ജില്ലയില്‍ തെരുവുനായ്‌ക്കള്‍ 50,000 കടന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ല ഭരണകുടം ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
നേരത്തെ തെരുവുനായ്‌ക്കള്‍ ഗ്രാമത്തിലെ എരുമകളെയും ആടുകളെയുമാണ് ആക്രമിച്ചിരുന്നത്. ഇപ്പോള്‍ കുട്ടികളെയും ആക്രമിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. തങ്ങളുടെ അഭ്യര്‍ഥനകള്‍ അവര്‍ ചെവിക്കൊള്ളുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
18മാസം പ്രായമായ കുഞ്ഞിന് തെരുവുനായയുടെ ആക്രമണം: അതേസമയം, ആന്ധ്രപ്രദേശിലെ തെരുവു നായ ആക്രമണത്തില്‍ 18 മാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു. ശ്രീകാകുളം സ്വദേശികളായ രാംബാബുവിന്‍റെയും രാമലക്ഷ്‌മിയുടെയും മകളാണ് മരിച്ചത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കവെ തെരുവുനായ എത്തി കുഞ്ഞിനെ പുറത്തേയ്‌ക്ക് കടിച്ച് വലിച്ച് കൊണ്ടുപോവുകയായിരുന്നു.
കുഞ്ഞിനെ കാണാതായതോടെ രാമലക്ഷ്‌മി തെരച്ചില്‍ നടത്തിയപ്പോഴാണ് ഏതാനും മീറ്ററുകള്‍ അകലെ കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുന്നത്. ഓടിച്ചെന്നപ്പോഴായിരുന്നു നായ കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ടത്. നായയെ ഓടിച്ച ശേഷം കുഞ്ഞിനെയുമെടുത്ത് ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കുഞ്ഞ് മരണപ്പെടുകയായിരുന്നു.
തെരുവുനായ ആക്രമണത്തില്‍ സഹോദരങ്ങള്‍ മരിച്ചു: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം തെരുവുനായ ആക്രമണത്തില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. സിന്ധി ബസ്‌തിയിലെ ചേരിയില്‍ താമസിച്ചിരുന്ന അഞ്ചും ഏഴും വയസുള്ള കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാര്‍ച്ച് 10ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.
ആനന്ദ്(ഏഴ്), ആദിത്യ (അഞ്ച്) എന്നിവരാണ് മരിച്ചത്. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു സംഘം പൊലീസും കുട്ടിയുടെ കുടുംബവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.