ചണ്ഡീഗഢ് : ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച നാല് പഞ്ചാബ് സൈനികരുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. ധീരജവാന്മാർ രാജ്യത്തിന് വേണ്ടി നടത്തിയ ത്യാഗങ്ങൾക്കുള്ള ആദരസൂചകമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി. വീരമൃത്യു വരിച്ച ജവാന്മാരോട് നാടും ജനങ്ങളും കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
വീരമൃത്യു വരിച്ച ഹവിൽദാർ മൻദീപ് സിങ്ങിന്‍റെ സ്വദേശമായ ലുധിയാനയിലെ ചങ്കോയൻ കകൻ ഗ്രാമം, ലാൻസ് നായിക് കുൽവന്ത് സിങ്ങിന്‍റെ മോഗ ജില്ലയിലെ ചാരിക് ഗ്രാമം, ശിപായി ഹർകൃഷൻ സിങ്ങിന്‍റെ ഗുരുദാസ്‌പൂരിലെ തൽവണ്ടി ഭാരത് ഗ്രാമം, ശിപായി സേവക് സിങ്ങിന്‍റെ ബതിൻഡയിലെ ബാഗ ഗ്രാമം എന്നിവിടങ്ങളിലാണ് ഭഗവന്ത് മാൻ സന്ദർശനം നടത്തിയത്.
രാജ്യം സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ ഉറച്ച പ്രതിജ്ഞാബദ്ധതയെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ കടമയാണ്. സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി സംസ്ഥാന സർക്കാരിനുള്ള പ്രതിബദ്ധതയ്ക്ക് കീഴിലാണ് രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകിയതെന്നും ഭഗവന്ത് മാൻ കൂട്ടിച്ചേർത്തു.
ആശ്രിതർക്ക് തൊഴിൽ എന്ന നയത്തിന്‍റെ അടിസ്ഥാനത്തിൽ സേനയുമായി ചർച്ച ചെയ്‌ത് രക്തസാക്ഷികളുടെ കുടുംബാംഗത്തിന് ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നാല് ഗ്രാമത്തിലെയും സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച ജവാന്മാരുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് കൂടാതെ, ഷഹീദിന്‍റെ ജന്മഗ്രാമത്തിൽ കുട്ടികൾക്കായി കളിസ്ഥലം നിർമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലാൻസ് നായിക് കുൽവന്ത് സിങ് രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ കുടുംബത്തിലെ രണ്ടാമത്തെ രക്തസാക്ഷിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ പിതാവ് ഹവിൽദാർ ബൽദേവ് സിങ്ങും രാജ്യത്തെ സംരക്ഷിക്കുന്നതിനായി തന്‍റെ ജീവൻ ബലിയർപ്പിച്ചിരുന്നു. നവീകരിച്ച സ്‌കൂൾ കാമ്പസിൽ ഇരുവരുടെയും പ്രതിമകൾ സ്ഥാപിക്കുമെന്നും ഭഗവന്ത് മാൻ അറിയിച്ചു.
ശിപായി സേവക് സിങ്ങിന്‍റെ സ്വദേശമായ ബതിൻഡ ജില്ലയിലെ ബാഗ ഗ്രാമത്തിൽ നിലവിലുള്ള സ്റ്റേഡിയം നവീകരിക്കുമെന്നും അതിൽ രക്തസാക്ഷിയായ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലുധിയാന ജില്ലയിലെ ദോരഹയിൽ നിന്ന് ചങ്കോയൻ കകൻ ഗ്രാമത്തിലേക്കുള്ള റോഡ് ബലപ്പെടുത്തി ഷഹീദ് ഹവിൽദാർ മൻദീപ് സിങ്ങിന്‍റെ പേര് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പൂഞ്ചിൽ സൈനിക ട്രക്കിന് നേരെയുണ്ടായ ആക്രമണം: ഏപ്രിൽ 20ന് മൂന്ന് മണിയോടെയാണ് ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയത്. രജൗരി സെക്‌ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിലൂടെ നിങ്ങുകയായിരുന്ന ട്രക്കിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഗ്രനേഡ് ആക്രമണത്തെ തുടർന്ന് ട്രക്കിന് തീ പിടിക്കുകയും അഞ്ച് സൈനികർ കൊല്ലപ്പെടുകയുമായിരുന്നു. പഞ്ചാബ് സ്വദേശികളായ നാല് സൈനികരും ഒഡിഷ സ്വദേശിയായ ദേബാശിഷ് ബസ്വാൾ എന്ന സൈനികനുമാണ് കൊല്ലപ്പെട്ടത്.