ന്യൂഡല്‍ഹി : തന്റെ കാലാവധിയിലേക്കുള്ള മുൻഗണനകൾ വ്യക്തമാക്കി ഇന്ത്യയുടെ നിയുക്ത ചീഫ് ജസ്‌റ്റിസ് ഉദയ് ഉമേഷ് ലളിത്. വർഷം മുഴുവനും പ്രവര്‍ത്തിക്കുന്ന ഒരു ഭരണഘടന ബഞ്ചിനായി ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേസുകളുടെ പട്ടിക കഴിയുന്നത്ര ലളിതവും വ്യക്തവും സുതാര്യവുമാക്കാൻ പരമാവധി ശ്രമിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഏത് അടിയന്തിര വിഷയങ്ങളും അതത് കോടതികൾക്ക് മുമ്പാകെ സ്വതന്ത്രമായി പരാമർശിക്കാവുന്ന വ്യക്തമായ ഒരു ഭരണസംവിധാനം ഉണ്ടാകുമെന്നും ഉറപ്പുനല്‍കി. ഇന്ന് (26.08.2022) സ്ഥാനമൊഴിയുന്ന ചീഫ് ജസ്‌റ്റിസ് എൻവി രമണയ്‌ക്ക് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) നല്‍കിയ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തതയോടെയും സ്ഥിരതയോടെയും നിയമം രൂപീകരിക്കുക എന്നതാണ് സുപ്രീം കോടതിയുടെ പങ്ക് എന്ന് താൻ എപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ജസ്‌റ്റിസ് യു.യു ലളിത് പറഞ്ഞു. തന്‍റെ അടുത്ത ഇന്നിംഗ്‌സിലെ വരാനിരിക്കുന്ന 74 ദിവസത്തില്‍ നടത്താനുദ്ദേശിക്കുന്ന ചില ഭാഗങ്ങൾ താന്‍ അറിയിക്കട്ടെ എന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം, അത് മൂന്ന് മേഖലകളിലാണെന്നും വ്യക്തമാക്കി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്‌സിബിഎ), സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ (എസ്‌സിഒആര്‍എ) എന്നിവയുടെ ഓഫിസുമായി ബന്ധപ്പെട്ടതാണ് ഇതില്‍ ആദ്യത്തേതെന്ന് അദ്ദേഹം അറിയിച്ചു.
ഒന്നാമത്തെ മേഖലയെ പട്ടികപ്പെടുത്തുന്നതില്‍ ചീഫ് ജസ്‌റ്റിസായിരുന്ന രമണയിൽ നിന്നാണ് എങ്ങനെ പെരുമാറണമെന്ന സൂചന എടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം ക്രമീകരണം കഴിയുന്നത്ര ലളിതവും വ്യക്തവും സുതാര്യവുമാക്കാൻ തങ്ങൾ കഠിനമായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും വ്യക്തമാക്കി. രണ്ടാമത്തെ മേഖലയായ അടിയന്തിര വിഷയങ്ങളില്‍ താന്‍ കൂടി ഇടപെടുമെന്നും, എല്ലാ സഹപ്രവർത്തകരുമായും ബഞ്ചിൽ പ്രവർത്തിക്കുമെന്നും താമസിയാതെ അതാത് കോടതികൾക്ക് മുമ്പാകെ കാര്യങ്ങൾ സ്വതന്ത്രമായി പരാമർശിക്കാന്‍ വ്യക്തമായ ഒരു സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടന ബഞ്ചുകൾക്ക് മുമ്പാകെയുള്ള വിഷയങ്ങളും മൂന്ന് ജഡ്ജിമാരുടെ ബഞ്ചുകൾ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങളും പട്ടികപ്പെടുത്തുന്നതാണ് മൂന്നാമത്തെ മേഖലയെന്ന് ജസ്‌റ്റിസ് യു.യു ലളിത് പറഞ്ഞു. "സുപ്രീം കോടതിയുടെ പങ്ക് വ്യക്തതയോടും സ്ഥിരതയോടും കൂടിയുള്ള നിയമനിർമാണമാണെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, അത് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം അത്തരം ബഞ്ചുകളിൽ വിഷയം രജിസ്‌റ്റർ ചെയ്യുന്നിടത്ത് എത്രയും വേഗം വലിയ ബഞ്ചുകൾ സ്ഥാപിക്കുക എന്നതാണ്" - അദ്ദേഹം അറിയിച്ചു.
നിയമത്തിന്‍റെ രൂപരേഖ എന്താണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നുപറഞ്ഞ ജസ്‌റ്റിസ് യു.യു ലളിത്, വർഷം മുഴുവനും പ്രവര്‍ത്തിക്കുന്ന ഒരു ഭരണഘടന ബഞ്ചിനായി തങ്ങൾ കഠിനമായി പരിശ്രമിക്കുമെന്നും വ്യക്തമാക്കി. ചടങ്ങില്‍ തന്റെ മുൻഗാമിയായ ജസ്‌റ്റിസ് എൻവി രമണയുടെ ജനപ്രീതിയെയും നേട്ടങ്ങളെയും പരാമർശിക്കാനും നിയുക്ത ചീഫ് ജസ്‌റ്റിസ് യു.യു ലളിത് മറന്നില്ല.
"എന്നെപ്പോലെയുള്ള ഒരാൾക്ക് ഇത് പ്രയാസകരമായ സമയമാണ്. എന്റെ മുൻഗാമിയുടെ ജനപ്രീതി നോക്കൂ. ഞാൻ എങ്ങനെ ആ മേലങ്കി ധരിക്കും!. ഞാൻ അധികാരമേറ്റെടുക്കുന്നതിന് മുമ്പുതന്നെ, തുടക്കത്തിൽ തന്നെ ഈ ജനപ്രീതിയുടെ അടുത്ത് എവിടെയും പോകാനുള്ള എന്റെ പൂർണമായ കഴിവില്ലായ്മ പ്രകടിപ്പിക്കുന്നു. കോടതി നമ്പർ 1-ൽ രാവിലെ അദ്ദേേഹം നടത്തിയ ചില പ്രസംഗങ്ങൾ വളരെ ഹൃദ്യവും വികാരഭരിതവുമായിരുന്നു. അതുതന്നെയാണ് ഓഫിസിൽ നിന്ന് അവസാനമായി ആ കസേര വിട്ട് ഇറങ്ങുന്ന വ്യക്തിക്ക് യഥാര്‍ഥ ആദരവ് നേടിക്കൊടുക്കുന്നതെന്നും ജസ്‌റ്റിസ് യു.യു ലളിത് കൂട്ടിച്ചേര്‍ത്തു.