കരിംനഗർ (തെലങ്കാന) : ഒരു രൂപ നോട്ട് നൽകിയാൽ ചിക്കൻ ബിരിയാണി. തെലങ്കാനയിലെ കരിംനഗർ ടൗണിൽ പുതുതായി ആരംഭിച്ച ഹോട്ടൽ മുന്നോട്ട് വച്ച മോഹന വാഗ്‌ദാനത്തെത്തുടർന്ന് ബിരിയാണി കഴിക്കാൻ നൂറുകണക്കിന് പേർ സ്ഥലത്തേക്ക് ഒഴുകിയെത്തി. എന്നാൽ 10 മിനിട്ടിനുള്ളിൽ തന്നെ ബിരിയാണി തീർന്നതോടെ ഹോട്ടലിന് മുന്നിൽ വൻ സംഘർഷം ആരംഭിച്ചു. ഒടുവിൽ ഒരു രൂപയുടെ ബിരിയാണി വാങ്ങാൻ വന്നവർക്ക് ലഭിച്ചതോ, പൊലീസിന്‍റെ 100 രൂപ ഫൈൻ.
കരിംനഗർ ടൗണിൽ വെള്ളിയാഴ്‌ച ആരംഭിച്ച പുതിയ ഹോട്ടലിലാണ് ഒരു രൂപയുടെ നോട്ട് നൽകിയാൽ ബിരിയാണി എന്ന ഓഫർ നടപ്പാക്കിയത്. വാർത്ത പരന്നതോടെ സ്ഥലത്തേക്ക് ആളുകൾ ഒഴുകിയെത്തി. ഹോട്ടലിലേക്ക് വന്നവരുടെ വാഹനങ്ങൾ റോഡരികിൽ നിറഞ്ഞു. 10 മിനിട്ട് കൊണ്ടുതന്നെ ഹോട്ടലിലെ ബിരിയാണി മുഴുവൻ തീർന്നു. 10 മിനിറ്റിനുള്ളിൽ 800 ഓളം പാഴ്‌സലുകളാണ് ഹോട്ടലിൽ നിന്ന് വിൽപ്പന നടത്തിയത്.
എന്നാൽ ബിരിയാണി പെട്ടെന്ന് തീർന്നതോടെ ഒരു രൂപ നോട്ടുമായി ബിരിയാണി വാങ്ങാനെത്തിയവരുടെ ക്ഷമയും നശിച്ചു. ബിരിയാണി ലഭിക്കാത്തവർ തങ്ങൾക്കും ബിരിയാണി നൽകണമെന്ന് ആവശ്യപ്പെട്ട് തർക്കം തുടങ്ങി. പിന്നാലെ ഹോട്ടൽ മാനേജ്‌മെന്‍റുമായി വഴക്കിടുകയും അവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു. ഇതോടെ ഹോട്ടലിന് മുന്നിൽ സംഘർഷവും ഗതാഗതക്കുരുക്കും ഉണ്ടായി. ഇതിനിടെ ഇക്കാര്യം ആരോ പൊലീസിനെ അറിയിച്ചു.
തൊട്ടു പിന്നാലെ പൊലീസും സ്ഥലത്തെത്തി. ഹോട്ടൽ മാനേജരെ ശാസിച്ച പൊലീസ് അവിടെ തടിച്ച് കൂടിയവരെ പറഞ്ഞയക്കുകയും ചെയ്‌തു. ഇതിനിടെ റോഡരികിൽ അനിധികൃതമായി വാഹനം പാർക്ക് ചെയ്‌തവർക്ക് ട്രാഫിക് പൊലീസ് 100 രൂപ വീതം പിഴ ചുമത്തുകയും ചെയ്‌തു. ഒരു രൂപയുടെ ബിരിയാണി കിട്ടിയതുമില്ല 100 രൂപ പോവുകയും ചെയ്‌തു എന്ന അവസ്ഥയിലാണ് ബിരിയാണി വാങ്ങാനെത്തിയവർ അവിടെ നിന്ന് മടങ്ങിയത്.
പായസത്തിന്‍റെ പേരിൽ കൂട്ടത്തല്ല് : ഇക്കഴിഞ്ഞ ജൂണിൽ വിവാഹ നിശ്ചയ ചടങ്ങിനിടെ പായസത്തിന് രുചി പോര എന്ന പേരിൽ നടന്ന തമ്മിൽ തല്ലും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ സീർകാഴി സൗത്തിലാണ് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. തമ്മിലടി നീണ്ടതോടെ പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും അനുനയിപ്പിച്ച് വിടുകയായിരുന്നു.
വിവാഹ നിശ്ചയ ചടങ്ങിന് ശേഷം പായസം എത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ചോറ് കഴിച്ച് തീരുന്നതിന് മുന്നേ പായസം വിളമ്പി എന്ന പേരിലായിരുന്നു വരന്‍റെ ബന്ധുക്കൾ ആദ്യം തർക്കം ആരംഭിച്ചത്. തുടർന്ന് പായസത്തിന് രുചി പോര എന്നായി പരാതി. ഇതോടെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കവും ആരംഭിച്ചു. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയയാൾ വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. ഇത് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.
ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്‌പരം വലിച്ചെറിഞ്ഞ് ഒടുവിൽ തല്ല് ഓഡിറ്റോറിയത്തിന് പുറത്തേക്ക് എത്തി. ഇതിന് പിന്നാലെയാണ് സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളെയും പിരിച്ച് വിട്ടത്. അതേസമയം ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.