ബസ്‌തര്‍: ഛത്തീസ് ഗഡിലെ ബസ്‌തര്‍ കാടുകളിലെ ദണ്ഡകാരണ്യ മാവോയിസ്റ്റ് ദളത്തിന് ആയുധങ്ങളും മറ്റ് സാമഗ്രകികളും ലഭിക്കുന്ന വിതരണ ശൃംഖല പൂര്‍ണമായും വിച്‌ഛേദിച്ചെന്ന് ഛത്തീസ് ഗഡ് പൊലീസ്. മാവേയിസ്റ്റുകള്‍ക്കെതിരായ നടപടികളും ശക്‌തിപ്പെടുത്തിയിട്ടുണ്ട്. തെലങ്കാന, മഹാരാഷ്ട, ഒഡീഷ പൊലീസുകളുമായി സഹകരിച്ചാണ് മാവോയിസ്റ്റ് ഭീഷണിയെ നേരിടുന്നതെന്നും ഛത്തീസ് ഗഡ് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച കോട്‌നറില്‍ നിന്ന് ബസ്‌തറിലേക്ക് സ്‌ഫോടന വസ്‌തുക്കള്‍ കൊണ്ടുപോകുന്നതിനിടെ 9 പേരെ ഛത്തീസ് ഗഡ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തെക്കന്‍ ബസ്‌തറില്‍ നിന്ന് മാവോയിസ്‌റ്റുകള്‍ക്ക് വിതരണം ചെയ്യാന്‍ വച്ചിരുന്ന ആയുധങ്ങള്‍ റേയിഡില്‍ പിടിച്ചെടുത്തെന്നും ഛത്തീസ് ഗഡ് ഐജി സുന്ദര്‍ രാജ് പി പറഞ്ഞു. മാവോയിസ്റ്റുകളുടെ ആയുധ വിതരണ ശൃംഖല തകര്‍ക്കാന്‍ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, പൊലീസുകള്‍ സംയുക്തമായി തന്ത്രം മെനഞ്ഞിട്ടുണ്ട്.
പൊലീസ് എടുത്ത നടപടികള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രഹരശേഷിയുള്ള ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ നാടന്‍ തോക്കുകളും മറ്റുമാണ് അവര്‍ ഉപയോഗിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നില്ല.
മരുന്നുകളുടെ വിതരണവും തടഞ്ഞത് കാരണം മാവോയിസ്റ്റുകള്‍ക്ക് ശരിയായ ചികിത്സയും ലഭിക്കുന്നില്ലെന്നും ഐജി പറഞ്ഞു. ആയുധങ്ങളും മരുന്നടക്കമുള്ള അവശ്യവസ്‌തുക്കളുടേയും ലഭ്യത തടഞ്ഞ് മാവോയിസ്റ്റുകളെ സമ്മര്‍ദ്ദത്തിലാക്കുകയും അതിലൂടെ അവരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയുമാണ് പൊലീസ് തന്ത്രം.