ഹൈദരാബാദ് : ഛത്തീസ്‌ഗഡ്, മിസോറാം സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്‌ഗഡില്‍ 20 സീറ്റിലേക്കും മിസോറാമില്‍ മുഴുവന്‍ സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും ഭരണതുടര്‍ച്ചയുണ്ടാവുമെന്ന പ്രതീക്ഷയിലാണുളളത്.
ഛത്തീസ്‌ഗഡില്‍ 90 നിയമസഭ മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മാവോയിസ്‌റ്റ് ഭീഷണിയുളള ബസ്‌തര്‍ ഡിവിഷനില്‍ ഉള്‍പ്പെടെ എഴ് ജില്ലകളിലും മറ്റ് നാല് ജില്ലകളിലുമായാണ് 20 നിയമസഭ മണ്ഡലങ്ങളുളളത്. 12 എസ്‌ടി, 1 എസ്‌സി, 7 ജനറല്‍ സീറ്റുകള്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളാണിത്.
ബസ്‌തര്‍ ഡിവിഷനിലെ 12 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. കൊന്ത, ബിജാപൂര്‍, ദന്തേവാഡ, ചിത്രകോട്ട്, ജഗദല്‍പൂര്‍, ബസ്‌തര്‍, നാരായണ്‍പൂര്‍, കൊണ്ടഗാവ്, കേശ്‌കല്‍, കാങ്കര്‍, ഭാനുപ്രതാപൂര്‍, അന്തഗഢ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് എട്ട് സീറ്റുകളില്‍ മൊഹ്‌ല-മന്‍പൂര്‍, ഖുജ്ജി, ഡോംഗര്‍ഗാവ്, രാജ്‌നന്ദ്ഗാവ്, ഡോംഗര്‍ഗഡ്, ഖൈരാഗഡ്, കവര്‍ധ, പണ്ടാരിയ എന്നിവ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബസ്‌തര്‍ ഡിവിഷനില്‍ കനത്ത സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്
ആകെ 223 സ്ഥാനാര്‍ഥികളാണ് ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനവിധി തേടുന്നത്. ഇതില്‍ 198 പേര്‍ പുരുഷന്മാരും 25 പേര്‍ സ്‌ത്രീകളുമാണ്. രാജ്‌നന്ദ്ഗാവില്‍ 29 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുളളത്. എറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ചിത്രകോട്ട്, ദന്തേവാഡ നിയമസഭ മണ്ഡലങ്ങളിലാണ്. രമണ്‍ സിങ് ആണ് എറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി. ഛത്തീസ്‌ഗഡിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമാണ് അദ്ദേഹം. രാജ്‌നന്ദ്ഗാവില്‍ നിന്നുമാണ് 71കാരനായ രമണ്‍ സിങ് ജനവിധി തേടുന്നത്.
ആദ്യ ഘട്ടത്തില്‍ ആകെ 40,78,681 വോട്ടര്‍മാരാണ് ഛത്തീസ്‌ഗഡില്‍ ഉളളത്. ഇതില്‍ സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണെന്നുളളതാണ് പ്രത്യേകത. പുരുഷ വോട്ടര്‍മാര്‍ 19,93,937ഉം, സ്‌ത്രീ വോട്ടര്‍മാര്‍ 20,84, 675ഉം, മറ്റുളളവര്‍ 69പേരുമാണ് ഉളളത്. 5,304 പോളിങ് സ്‌റ്റേഷനുകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പിനായി സംസ്ഥാനത്ത് സജീകരിച്ചിരിക്കുന്നത്. അന്തഗഢ്, ഭാനുപ്രതാപൂര്‍, കാങ്കര്‍, കേശ്കല്‍, കൊണ്ഡഗാവ്, നാരായണ്‍പുര്‍, ദന്തേവാഡ, ബിജാപുര്‍, കോണ്ട എന്നീ 12 സീറ്റുകളിലേക്ക് ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ബസ്തര്‍, ജഗദല്‍പുര്‍, ചിത്രകൂട്ട് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടിങ് സമയം.
ഛത്തീസ്‌ഗഡില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ബിജെപിയും കോൺഗ്രസും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തി. ജെസിസിജെ 15 സീറ്റുകളിലും ബിഎസ്‌പി 15 സീറ്റുകളിലും സിപിഐ 8 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി. 73 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുളളത്. 25 സീറ്റുകളിൽ വനിതാ സ്ഥാനാർഥികളാണുള്ളത്. ജെസിസിജെ പരമാവധി എട്ട് വനിതാ സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകി, ബിജെപിക്ക് 3ഉം, കോൺഗ്രസിന് ഒരു വനിതാ സ്ഥാനാർഥിയുമാണുളളത്. ഛത്തീസ്‌ഗഡില്‍ 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റായിരുന്നു ബിജെപി നേടിയത്. കോണ്‍ഗ്രസിന് 68 സീറ്റും ലഭിച്ചു.
20 നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചെണ്ണം പ്രശ്‌ന സാധ്യതയുളള പ്രദേശങ്ങളാണ്. അതായത് 25 ശതമാനം മണ്ഡലങ്ങളിലും പ്രശ്‌ന സാധ്യതയുണ്ട്. പ്രശ്‌ന സാധ്യത മേഖലകളില്‍ കേന്ദ്രത്തിന്‍റെ അര്‍ധസൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസും എത്തിയിട്ടുണ്ട്. നാരായണ്‍പൂര്‍ ജില്ല പഞ്ചായത്ത് അംഗവും ബിജെപി ജില്ല ഉപാധ്യക്ഷനുമായ രത്തന്‍ ദുബെയെ ശനിയാഴ്‌ച വൈകിട്ട് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.
അതേസമയം മിസോറാമിലെ 40 അസംബ്ലി സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് 1275 പോളിങ് ബൂത്തുകളിലായി 8,52 ലക്ഷം വോട്ടര്‍മാരാണുളളത്. മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷ സഖ്യമായ സോറം പീപ്പിള്‍സ് മൂവ്മെന്‍റുമാണ് പ്രധാന എതിരാളികള്‍. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസും ബിജെപിയും മത്സരരംഗത്തുണ്ട്. 174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ പ്രചാരണ പരിപാടികളാണ് രണ്ട് സംസ്ഥാനങ്ങളിലും നടന്നത്. ഛത്തീസ്‌ഗഡില്‍ ഇത്തവണ ഭരണതുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുളള പ്രചാരണ പരിപാടികളുമായി കോണ്‍ഗ്രസ് സജീവമായിരുന്നു. അതേസമയം തന്നെ 2018ല്‍ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുളള തന്ത്രങ്ങളുമായി ബിജെപിയും ഛത്തീസ്‌ഗഡില്‍ കളത്തില്‍ ഇറങ്ങി.