ബസ്‌തർ (ഛത്തീസ്‌ഗഢ്): ഛത്തീസ്‌ഗഢിൽ ഖനി തകർന്ന് ഏഴ് പേർ മരിച്ചു. ഛത്തീസ്‌ഗഢിലെ ബസ്‌തർ ജില്ലയിലാണ് സംഭവം. 15ലധികം തൊഴിലാളികൾ ഖനിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
ആറ് സ്‌ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ബസ്‌തറിലെ ജഗ്‌ദൽപുർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ചുണ്ണാമ്പുകല്ല് ഖനിയാണ് തകർന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ രണ്ട് ഗ്രാമവാസികളെ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനങ്ങൾക്കായി എസ്‌ഡിആർഎഫും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ചീഫ് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു.