റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ വൈദ്യസഹായം തേടി സുരക്ഷ സേനയെ സമീപിച്ച മാവോയിസ്റ്റ് ദമ്പതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. നക്സൽ ക്യാമ്പുകളിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റുകളുടെ മെഡ്‌കി ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡിൽ അംഗമായ അർജുൻ തട്ടിയും ഭാര്യ ലക്ഷ്മി പാഡയും കാംഡെറ്റ ബിഎസ്‌എഫ് ക്യാമ്പിലെ സുരക്ഷ ഉദ്യോഗസ്ഥരെ ബുധനാഴ്ചയാണ് രോഗം അറിയിച്ച് ബന്ധപ്പെട്ടത്.
Read Also…… മാവോയിസ്റ്റ് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദന്തേവാഡ പൊലീസ്
കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇരുവരെയും ചികിത്സയ്ക്കായി കാങ്കറിലെ കൊവിഡ് -19 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചുകഴിഞ്ഞാൽ ഔപചാരികമായി കീഴടങ്ങുമെന്നും ഐജി സുന്ദരാജ് പറഞ്ഞു. കൃത്യമായ മരുന്നോ ഭക്ഷണമോ ഇല്ലാതെ കൊവിഡ് ബാധിച്ച മാവോയിസ്റ്റ് നേതാക്കളടക്കം നിരവധി പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ നൂറുകണക്കിന് മാവോയിസ്റ്റുകള്‍ക്ക് രോഗം ബാധിച്ചതായി ബസ്തര്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം ഇവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
ഛത്തീസ്ഗഢിലെ ബസ്തർ പ്രദേശത്ത് കുറഞ്ഞത് 10 മാവോയിസ്റ്റുകൾ കൊവിഡ് ബാധിച്ച് മരണമടഞ്ഞതായി പൊലീസ് അറിയിച്ചു. ചില മുതിർന്ന മാവോയിസ്റ്റ് നേതാക്കൾക്കും കൊവിഡ് ബാധ ഉണ്ടായതായി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു.തിങ്കളാഴ്ച രാത്രി ബിജാപ്പൂർ, സുക്മ ജില്ലകളുടെ അതിർത്തിയിലെ വനപ്രദേശത്ത് 10 സഹപ്രവർത്തകരുടെ മൃതദേഹങ്ങൾ നക്സലുകൾ കത്തിച്ചു കളഞ്ഞതായി പ്രാദേശിക ഗ്രാമവാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുള്ളതായി ദന്തെവാഡയിലെ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.