റായ്‌പൂർ: കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് സംസ്ഥാനം ധനസഹായം നൽകുന്നതിനാൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ ചിത്രത്തോട് കൂടി സംസ്ഥാനം പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് ഛത്തീസ്‌ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോ പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാത്തതതാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 18 മുതൽ 44 വയസ് വരെ പ്രയമുള്ളവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത്. ഇതിൽ ആർക്കും എതിർപ്പുണ്ടാകണമെന്ന് താൻ കരുതുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: ആശ്വാസത്തോടെ ഡൽഹി: കൊവിഡ് കേസുകൾ കുറയുന്നു
നേരത്തെ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിച്ചിരുന്നു. അതിനാൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി രാജ്യത്തിന്‍റെ ഫെഡറൽ ഘടനയെ നശിപ്പിക്കുകയാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ആരോപിച്ചു. നേരത്തെ, ഛത്തീസ്ഗഡ് സർക്കാർ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനായി 'സിജിടിഇഇകെഎ' എന്ന വാക്സിൻ വെബ്സൈറ്റും ആരംഭിച്ചിരുന്നു.