റായ്‌പൂർ: ഛത്തീസ്‌ഗഡിലെ റായ്‌പൂർ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ ഒമ്പത് മുതൽ 19 വരെ ജില്ലയുടെ എല്ലാ അതിർത്തികളും അടച്ചിടുമെന്ന് ജില്ല കലക്‌ടർ എസ് ഭാരതി ദാസൻ അറിയിച്ചു. നിയന്ത്രിത സമയങ്ങളിൽ മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. അനുമതിയോടെ വിദ്യാർഥികൾക്ക് പരീക്ഷകൾ എഴുതാം.
പാലും പത്രവും രാവിലെ ആറ് മുതൽ എട്ട് വരെയും വൈകുന്നേരം അഞ്ച് മുതൽ ആറര വരെയും ലഭ്യമാകും. മദ്യശാലകൾ പൂർണമായും അടയ്ക്കും. ആശുപത്രികളും എടിഎമ്മുകളും പ്രവർത്തിക്കും. ഛത്തീസ്‌ഗഡിൽ 9,921 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 1,552 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 53 മരണം സ്ഥിരീകരിച്ചു. ദുർഗ് ജില്ലയിൽ ചൊവ്വാഴ്‌ച മുതൽ ഒമ്പത് ദിവസത്തെ ലോക്ക് ഡൗൺ ആരംഭിച്ചു.