റായ്‌പൂര്‍: ബ്രാഹ്മണ സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ പിതാവ് നന്ദകുമാര്‍ ബാഗേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 75കാരനായ ബാഗേലിനെ റായ്‌പൂര്‍ കോടതി 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യപേക്ഷ നല്‍കാത്തതിനാല്‍ സെപ്‌റ്റംബര്‍ 21 വരെ കസ്റ്റഡിയില്‍ തുടരും.
ചൊവ്വാഴ്‌ചയാണ് ബാഗേലിനെ ഛത്തീസ്‌ഗഢ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ നിരോധിക്കണമെന്നുമായിരുന്നു ബഗേലിന്‍റെ വിവാദ പ്രസ്‌താവന. സര്‍വ ബ്രാഹ്മിണ്‍ സമാജിന്‍റെ പരാതിയില്‍ ശനിയാഴ്‌ച രാത്രി ഡിഡി നഗര്‍ പൊലീസ് ബാഗേലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.
സമൂഹത്തില്‍ കലാപം സൃഷ്‌ടിക്കണമെന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനം, സമൂഹത്തില്‍ ഭീതിയും ഭയവും സൃഷ്‌ടിക്കണമെന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനം എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്നും ലക്‌നൗവില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വിവാദ പ്രസ്‌താവന നടത്തുന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. രാമനെതിരെയും ബാഗേല്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായും ആരോപണമുണ്ട്.
Also read: മഴയുടെ ദേവിയെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ നഗ്‌നരായി നടത്തിച്ച് പ്രാകൃതനടപടി