റായ്‌പൂർ: സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിഭാഗങ്ങൾക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പിൽ മുൻഗണന നൽകണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. അതിനാൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിഭാഗങ്ങൾക്ക് കൊവിഡ് വാക്‌സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കണമെന്നില്ല. അതിനാൽ ആർക്കും വാക്സിനേഷൻ നഷ്ടപ്പെടാതിരിക്കാൻ ഓൺ-സൈറ്റ് രജിസ്ട്രേഷനും ഈ വിഭാഗത്തിനായി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ മാർഗനിർദേശമനുസരിച്ച്, 18-44 വയസ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതിനായി കൊവിഷീൽഡിന്‍റെയും കൊവാക്സിന്‍റെയും 25 ലക്ഷം ഡോസുകൾ നിർമാതാക്കളിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് മാസത്തിൽ ആവശ്യമുള്ള അളവിൽ നിന്ന് മൂന്ന് ലക്ഷം ഡോസുകൾ മാത്രമേ നൽകൂ എന്ന് ഭാരത് ബയോടെക് നൽകിയ പ്രതികരണത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനുകളുടെ അഭാവം കണക്കിലെടുത്ത്, വാക്സിനേഷന്‍റെ മുൻഗണനാ ക്രമം 18-44 വയസിനിടയിൽ നിശ്ചയിക്കണം. സാമൂഹികമായും സാമ്പത്തികമായും ദുർബലരായ വിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
18നും 44നും ഇടയിൽ പ്രായമുള്ള 1.7 കോടി ആളുകളാണ് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെയ് ഒന്ന് മുതൽ 18 വയസിനും 44 വയസിനുമിടയിലുള്ളവർക്ക് സൗജന്യ കൊവിഡ് വാക്സിനേഷൻ നൽകാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കണക്കനുസരിച്ച്, ഛത്തീസ്ഗഡിലെ 2 കോടി 90 ലക്ഷം ജനസംഖ്യയിൽ 1 കോടി 30 ലക്ഷം ആളുകൾ 18-44 വയസിനിടയിലുള്ളവരാണ്, അവരുടെ പ്രതിരോധ കുത്തിവയ്പ്പിന് ആകെ 2 കോടി 60 ലക്ഷം ഡോസുകൾ ആവശ്യമാണ്. 45 വയസിനും അതിനുമുകളിലും പ്രായമുള്ള 58.7 ലക്ഷം ആളുകളിൽ 72 ശതമാനം പേർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്.