റായ്‌പൂര്‍: ബീരാന്‍പൂര്‍ സംഭവത്തെ ബിജെപി രാഷ്‌ട്രീയവത്‌കരിക്കുകയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ബിജെപി നേതാക്കളുടെ പെണ്‍മക്കള്‍ മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ചാല്‍ അത് ലവ് ജിഹാദ് അല്ലെയോയെന്നും മറ്റാരെങ്കിലും അത്തരത്തില്‍ വിവാഹിതരായാല്‍ അതിനെ ലവ് ജിഹാദായി മുദ്രകുത്തപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബിലാസ്‌പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ബെമെതാരയില്‍ കഴിഞ്ഞ ദിവസമുണ്ടായ വര്‍ഗീയ കലാപത്തില്‍ ബിജെപി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് കുട്ടികള്‍ക്കിടയിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും അത് കാരണം ഒരാളുടെ ജീവന്‍ അപഹരിക്കപ്പെട്ട സംഭവമുണ്ടായതും സങ്കടകരമായ ഒന്നാണെന്നും ബാഗേല്‍ പറഞ്ഞു.
ബിലാസ്‌പൂരിലുണ്ടായ സംഭവം ന്യായീകരിക്കാനാകാത്തതാണ്. മാത്രമല്ല ബിജെപി ശ്രമിക്കുന്നത് അതില്‍ രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ്. ബന്ദിന് ആഹ്വാനം ചെയ്യുന്നതിന് മുമ്പ് വിഷയത്തെ കുറിച്ച് ബിജെപി പരിശോധന നടത്തുകയോ അതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുകയോ ചെയ്‌തിട്ടില്ല.
മുതിര്‍ന്ന ബിജെപി നേതാക്കളുടെ മക്കള്‍ മുസ്‌ലിം യുവാക്കളെ വിവാഹം ചെയ്‌തവരാണ്. അതൊന്നും ലവ് ജിഹാദിന്‍റെ ഗണത്തില്‍ പെടില്ലെയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ ബിജെപിയുടെ മുന്‍നിര നേതാവിന്‍റെ മകള്‍ എവിടെപ്പോയി. അതെന്താ ലവ് ജിഹാദല്ലെ? അവരുടെ മക്കള്‍ ചെയ്‌താല്‍ അത് പ്രണയവും മറ്റാരെങ്കിലും ചെയ്‌താല്‍ അത് ലവ് ജിഹാദുമാണെന്നും ഭൂപേഷ് ബാഗേല്‍ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ തടയാന്‍ ബിജെപി എന്താണ് ചെയ്‌തത്? രാഷ്‌ട്രീയ നേട്ടം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം.
ബിലാസ്‌പൂര്‍ വര്‍ഗീയ കലാപം: ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് രണ്ട് സ്‌കൂള്‍ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വര്‍ഗീയ കലാപമായി ഉടലെടുത്തത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പ്രദേശവാസിയായ ഭുനേശ്വര്‍ സാഹുവാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപത്തിന് മൂന്ന് ദിവസത്തിന് ശേഷം ബിലാസ്‌പൂര്‍ ഗ്രാമത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്ക് അപ്പുറം ബിരാന്‍പൂര്‍ സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്‌തു. റഹീം മുഹമ്മദ് മകന്‍ ഇദുല്‍ മുഹമ്മദ് എന്നിവരെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മരിച്ചതായി കണ്ടെത്തിയത്.
ബന്ധുക്കളെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍: കലാപത്തില്‍ പെട്ട് മരിച്ച ഭുനേശ്വര്‍ സാഹുവിന്‍റെ ബന്ധുക്കളുമായി ഭൂപേഷ് ബാഗേല്‍ സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്‌തിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇരയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അവരുമായുള്ള കൂടിക്കാഴ്‌ചയില്‍ ബാഗേല്‍ ഉറപ്പ് നല്‍കി. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭുനേശ്വര്‍ സാഹുവിന്‍റെ പിതാവ് കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഭൂപേഷ് ബാഗേല്‍: കലാപത്തെ തുടര്‍ന്ന് മരിച്ച ഭുനേശ്വര്‍ സാഹുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു.
കനത്ത കാവലുമായി സുരക്ഷ ഉദ്യോഗസ്ഥര്‍: ബിരാന്‍പൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് ഗ്രാമത്തില്‍ ഒരുക്കിയിട്ടുള്ളത്. ക്രമസമാധാനം ഉറപ്പാക്കാന്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ബെമെതാര ജില്ലയില്‍ 1000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തു.
ജില്ലയിൽ ക്രമ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അനിഷ്‌ട സംഭവങ്ങൾ തടയുന്നതിനുമായി ജില്ലയിലുടനീളം സെക്ഷൻ 144 ഏർപ്പെടുത്തിയതായി ബെമെതാര കലക്‌ടര്‍ പി എസ് എൽമ അറിയിച്ചു. സംഘർഷത്തെ തുടർന്ന് ബീരാൻപൂരിൽ നേരത്തെയും 144 സെക്ഷൻ ഏർപ്പെടുത്തിയിരുന്നു.
ബിജെപി അധ്യക്ഷന്‍ ഇരയുടെ കുടുംബത്തിലേക്ക്: ബിലാസ്‌പൂരിലെ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 10ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്‌തതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാവോ ഭുനേശ്വര്‍ സാഹുവിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ബെമെതാരയിലെത്തി. ഇതോടെ ബെമെതാരയില്‍ വന്‍ പ്രതിഷേധമാണ് പ്രകടമായത്. ഇതേ തുടര്‍ന്ന് അരുണ്‍ സാവോ പിപാരിയയിലേക്ക് തിരിച്ച് മടങ്ങി. സംഭവത്തെ തുടര്‍ന്ന് അരുണ്‍ സാവോയേയും അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
also read: രാജസ്ഥാന്‍റെ വിജയം ആഘോഷിച്ച് ജയറാമും ബിജു മേനോനും, സഞ്‌ജുവിനായി ആര്‍പ്പുവിളിച്ച് താരങ്ങള്‍