ചെന്നൈ: ജീവിതത്തിലെ മോശം കാലഘട്ടത്തില്‍ തനിക്കൊപ്പമുണ്ടായവളെ കൂടെ കൂട്ടി മഹീന്ദ്രന്‍. കിൽപ്പാക്കം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികിത്സക്കെത്തിയ ചെന്നൈ സ്വദേശി മഹേന്ദ്രനും (42) വെല്ലൂർ സ്വദേശിനി ദീപയുമാണ് (36) വെള്ളിയാഴ്ച (28.10.2022) വിവാഹ ജീവിതത്തിലേക്ക് കൈകള്‍ ചേര്‍ത്തുപിടിച്ച് കടക്കുന്നത്. അഭയകേന്ദ്രത്തിലെ കണ്ടുമുട്ടലും, പിന്നീട് എപ്പോഴോ മൊട്ടിട്ട പ്രണയവും ഇരുവരെയും കതിര്‍മണ്ഡപത്തിലേക്ക് നടത്തുമ്പോള്‍ താങ്ങും തണലുമായി ഷെല്‍ട്ടര്‍ ഹോം അധികൃതരും അന്തേവാസികളും ഒപ്പമുണ്ട്.

കുടുംബ വഴക്കിനെ തുടർന്നുണ്ടായ സമ്മർദത്തിലാണ് മഹേന്ദ്രന് ബൈപോളാർ ഡിസോർഡർ സംഭവിക്കുന്നത്. അച്ഛന്റെ വേര്‍പാടിലുണ്ടായ വിഷാദം ദീപയേയും തളര്‍ത്തി. ഒടുവില്‍ ഇരുവരെയും കിടത്തി ചികിത്സക്കായി കിൽപ്പാക്കം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് മഹീന്ദ്രനും ദീപയും പരസ്‌പരം ദുഃഖങ്ങളും മനസും പങ്കു വയ്ക്കുന്നത്. മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ചികിത്സ സ്വീകരിക്കാന്‍ താന്‍ തയ്യാറായില്ലെന്നും പിന്നീട് താന്‍ ചികിത്സ സ്വീകരിച്ചുവെന്നും മഹീന്ദ്രന്‍ പറയുന്നു. അസുഖം ഭേദമായപ്പോള്‍ കിൽപ്പാക്കം മാനസികാരോഗ്യ ആശുപത്രി ഡേ കെയർ സെന്ററിൽ ജോലി ചെയ്‌ത് വരുമ്പോഴാണ് ദീപ ചികിത്സക്കെത്തുന്നത്.
ദീപയെ താന്‍ നല്ല രീതിയില്‍ പരിപാലിച്ചു. അങ്ങനെയിരിക്കെയാണ് ദീപ തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്നതെന്നും മഹീന്ദ്രന്‍ പറയുന്നു. അവളെ സമാധാനിപ്പിക്കാന്‍ മാത്രമാണ് ആദ്യം സമ്മതം മൂളിയതെന്നും പീന്നീട് ദീപയെ ജീവിത സഖിയാക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദീപയെ കാണുമ്പോള്‍ അധ്യാപികയായ തന്‍റെ അമ്മയെ പോലെ തോന്നിയെന്നും അടുത്തറിഞ്ഞപ്പോഴാണ് ദീപയും അധ്യാപികയാണെന്ന് മനസിലായതെന്നും മഹീന്ദ്രന്‍ പറഞ്ഞു. അതോടെ ഡേ കെയർ സെന്ററില്‍ ജോലി ചെയ്‌ത് ദീപയുമൊത്ത് ജീവിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതായി കണ്ട അച്ഛന്‍റെ മരണം നടക്കുന്നത് 2016ലാണെന്നും ഇത് തന്നെ വല്ലാതെ തളര്‍ത്തികളഞ്ഞുവെന്നും ദീപയും മനസ് തുറന്നു. ചികിത്സക്കിടെയാണ് മഹീന്ദ്രനെ കണ്ടെത്തുന്നതെന്നും തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ഒരു വാടക വീടെടുത്ത് ജീവിതം ആരംഭിക്കാനുമാണ് തീരുമാനിച്ചുറപ്പിച്ചിരിക്കുന്നതെന്നും നവവധി പറഞ്ഞു. വീട്ടിലേക്ക് വേണ്ട സാധന സാമഗ്രികളെല്ലാം ഷെല്‍ട്ടര്‍ ഹോമിലെ ജീവനക്കാര്‍ എത്തിച്ചുനല്‍കിയെന്നും ഇരുവരുടെയും മുന്നോട്ടുള്ള ജീവിതത്തിനായി പ്രാര്‍ഥിക്കണമെന്നും ദീപ പറയുന്നു. ആശുപത്രിയില്‍ വച്ച് എംഎല്‍എ വെട്രി അഴകന്‍റെ സാന്നിധ്യത്തിലാണ് ഇവരുടെ വിവാഹം.