ചെന്നൈ: ആംബുലൻസുകളുടെ ചലനം നിരീക്ഷിക്കാനും ഗതാഗതം വേഗത്തിലാക്കാനും സൗജന്യ ആപ്ലിക്കേഷൻ പുറത്തിറക്കി ചെന്നൈയിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റി. എംസൈറണ്‍പൈലറ്റ് (mSirenPilot) എന്നാണ് ആപ്ലിക്കേഷന് പേര് നൽകിയിരിക്കുന്നത്. ആംബുലൻസുകൾ ട്രാഫിക്കിൽ കുരുങ്ങി രോഗികളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് പുതിയ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിന്‍റെ ചലനം നിരീക്ഷിക്കാൻ ട്രാഫിക് പൊലീസിനും ആശുപത്രികൾക്കും സഹായകമാകുന്ന നൂതന സാങ്കേതിക വിദ്യായാണിതെന്ന് നിർമ്മാതാക്കൾ പ്രസ്‌താവനയിലൂടെ അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നതിലെ കാലതാമസം ചികിത്സയുടെ ഫലത്തെ കൂടുതൽ വഷളാക്കുന്നു. ഒരു രോഗിയുടെ ആദ്യത്തെ 60 മിനിറ്റ് ഗോൾഡൻ ഹവർ എന്ന് അറിയപ്പെടുന്നത്.
ഈ സമയത്തിനുള്ളിൽ ശരിയായ ചികിത്സ നൽകിയാൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. അതിനാൽ ഈ ആപ്ലിക്കേഷനിലൂടെ ഞങ്ങളുടെ എമർജൻസി ടീമിന് ആംബുലൻസിനെ കാര്യക്ഷമമായി ട്രാക്ക് ചെയ്യാനും മെച്ചപ്പെട്ട ചികിത്സയ്‌ക്കായുള്ള ഏകോപനം നടത്താനും സാധിക്കും. ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റി ഡിപ്പാർട്ട്‌മെന്‍റ് മേധാവി ആർ ശ്രീറാം പറഞ്ഞു.
ലോകത്തിലെ ആദ്യത്തെ 'സ്മാർട്ട് സൈറൺ ടെക്‌നോളജി' സൗജന്യമായി നൽകുന്ന മൊബൈൽ ആപ്ലിക്കേഷനാണ് എംസൈറണ്‍പൈലറ്റ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിലൂടെ ഡ്രൈവർമാർക്കും ട്രാഫിക് പൊലീസിനും ഒരു ഹരിത ഇടനാഴി രൂപപ്പെടുത്താനും, അടിയന്തര ഘട്ടത്തിൽ ആംബുലൻസുകളെ ട്രാഫിക്കിലൂടെ വേഗത്തിൽ നീങ്ങാനും സഹായിക്കുന്നു. ആർ ശ്രീറാം കൂട്ടിച്ചേർത്തു.