ന്യൂഡൽഹി : ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ (കെഎൻപി) അക്ലിമൈസേഷൻ ക്യാമ്പുകളിൽ നിന്ന് അഞ്ച് ചീറ്റകളെ വലിയ ചുറ്റുപാടിലേക്ക് സ്വതന്ത്രമായ അവസ്ഥയിലേക്ക് വിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റപ്പുലികളെ കെഎൻപിയിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുമെന്നും അവ കാര്യമായ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടക്കാത്ത പക്ഷം അവയെ സ്വതന്ത്രമാക്കി വിടാമെന്നും മന്ത്രാലയം അറിയിച്ചു. ഇതുവരെ, നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളിൽ നാലെണ്ണത്തെ കെഎൻപിയിലെ വേലി കെട്ടിയ അക്ലിമൈസേഷൻ ക്യാമ്പുകളിൽ നിന്ന് സ്വതന്ത്രമായ അവസ്ഥയിലേക്ക് വിട്ടയച്ചിട്ടുണ്ട്.
ജൂണിൽ മൺസൂൺ മഴ ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് ചീറ്റകളെ കൂടി (മൂന്ന് പെണ്ണും രണ്ട് ആണും) കെഎൻപിയിലെ അക്ലിമൈസേഷൻ ക്യാമ്പുകളിൽ നിന്ന് സ്വതന്ത്രമായി വിഹരിക്കുന്ന അവസ്ഥയിലേക്ക് വിടുമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പ്രസ്‌താവന. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) നിർദേശപ്രകാരം വിദഗ്‌ധ സംഘം 'പ്രോജക്‌ട് ചീറ്റ'യുടെ നിലവിലെ സ്ഥിതി അവലോകനം ചെയ്‌തതിന് ശേഷമാണ് തീരുമാനം. എല്ലാ ചീറ്റകളും നല്ല ശാരീരികാവസ്ഥയിലാണെന്നും സ്വാഭാവിക പെരുമാറ്റം പ്രകടിപ്പിക്കുകയും കൃത്യമായ ഇടവേളകളിൽ ഇര പിടിക്കുകയും ചെയ്യുന്നതായി വിദഗ്‌ധ സംഘം പറഞ്ഞു.
ചീറ്റകളുടെ പെരുമാറ്റ സവിശേഷതകളെയും മറ്റും അടിസ്ഥാനമാക്കിയാണ് അവയെ മോചനത്തിനായി മോണിറ്ററിംഗ് ടീമുകൾ തെരഞ്ഞെടുത്തത്. ബാക്കിയുള്ള ചീറ്റകൾ മഴക്കാലത്തും അക്ലിമൈസേഷൻ ക്യാമ്പുകളിൽ തുടരും. ഈ ചീറ്റകൾക്ക് കൂടുതൽ ഇടം ഉപയോഗിക്കുന്നതിനായി ചില ഇന്‍റേർണൽ ഗേറ്റുകൾ തുറന്നിടുമെന്നും മന്ത്രാലയം അറിയിച്ചു. മഴക്കാലത്തിന് ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും മെറ്റാ പോപ്പുലേഷൻ സ്ഥാപിക്കുന്നതിനുള്ള ചീറ്റ സംരക്ഷണ പ്രവർത്തന പദ്ധതി പ്രകാരം കെഎൻപിയിലേക്കോ പരിസര പ്രദേശങ്ങളിലേക്കോ കൂടുതൽ റിലീസ് ആസൂത്രണം ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു.
അതിർത്തിക്കപ്പുറത്തേക്ക് ചീറ്റകൾ : സ്വതന്ത്രമായ അവസ്ഥയിലേക്ക് ഇതിനകം വിട്ടയച്ച നാല് ചീറ്റകളിൽ രണ്ടെണ്ണം (ഗൗരവും ശൗര്യയും) പാർക്കിനുള്ളിൽ തന്നെ താമസിച്ചുവെന്നും പാർക്കിന്‍റെ അതിർത്തിക്കപ്പുറത്തുള്ള ഭൂപ്രകൃതി പര്യവേക്ഷണം ചെയ്യാൻ താത്‌പര്യം കാണിച്ചില്ലെന്നും മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയിൽ പറയുന്നു. ആശ എന്നു പേരുള്ള ഒരു പെൺചീറ്റ കെഎൻപിയുടെ കിഴക്ക് ബഫർ സോണിനപ്പുറം രണ്ട് പ്രാവശ്യം പാർക്കിന്‍റെ അതിർത്തിക്കപ്പുറത്തേക്ക് പോയെങ്കിലും തിരിച്ചെത്തിച്ച ശേഷം കുനോ ഭൂപ്രകൃതിക്കുള്ളിൽ തന്നെ തുടരുകയും മനുഷ്യ മേധാവിത്വമുള്ള പ്രദേശങ്ങളിലേക്ക് കടക്കാതിരിക്കുകയും ചെയ്‌തു. പവൻ എന്ന ചീറ്റ പാർക്കിന്‍റെ അതിരുകൾക്കപ്പുറമുള്ള ഉത്തർ പ്രദേശിന്‍റെ അതിർത്തിക്കടുത്തുള്ള കൃഷിയിടങ്ങളിലേക്ക് രണ്ട് തവണ പോയിരുന്നു. തുടർന്ന് വെറ്ററിനറി സംഘം ചീറ്റയെ പിടികൂടി കെഎൻപിയിലെ അക്ലിമൈസേഷൻ ക്യാമ്പിലേക്ക് മാറ്റി.
ഒറ്റപ്പെടാതിരിക്കേണ്ടത് പ്രധാനം : ചീറ്റയുടെ ചലനങ്ങൾ പ്രവചനാതീതവും പല ഘടകങ്ങളെ ആശ്രയിച്ചുമാണ് ഇരിക്കുന്നത്. ചീറ്റകൾ അവരുടെ സ്വന്തം ആശയവിനിമയ ശൃംഖലകൾ സ്ഥാപിക്കുകയും താരതമ്യേന നിശ്ചിത ഹോം റേഞ്ചുകളിൽ താമസമാക്കുകയും വേണം. ഈ ഘട്ടത്തിൽ ചീറ്റകൾ ഗ്രൂപ്പിൽ നിന്ന് പൂർണമായും ഒറ്റപ്പെടാതിരിക്കേണ്ടതും പ്രധാനമാണ്. കാരണം, അഥവാ ചീറ്റകൾ ഒറ്റപ്പെട്ടാൽ അവ പ്രജനനത്തിൽ പങ്കെടുക്കില്ല. അങ്ങനെ ജനിതകമായി ഒറ്റപ്പെടുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ ചീറ്റകൾ ഒരേ മേഖലയിൽ താമസമാക്കിയാൽ അവ ഗ്രൂപ്പുമായുള്ള ബന്ധം മെച്ചപ്പെടുത്തും.
നമീബിയയിലെയും കിഴക്കൻ ആഫ്രിക്കയിലെയും മറ്റ് ആവാസവ്യവസ്ഥകളെ അടിസ്ഥാനമാക്കി കെഎൻപിയിലെ ചീറ്റകളെ വഹിക്കാനുള്ള ശേഷിയെക്കുറിച്ച് പലരും പ്രവചനം നടത്തിയിട്ടുണ്ട്. എങ്കിലും, കെഎൻപിയിൽ ചീറ്റകൾ അവയുടെ ഹോം റേഞ്ചുകൾ ശരിയായി സ്ഥാപിക്കുന്നത് വരെ അവയുടെ വഹകശേഷി കൃത്യമായി നിർണ്ണയിക്കാൻ കഴിയില്ലെന്നും ഇരയുടെ സാന്ദ്രതയും മറ്റ് പല ഘടകങ്ങളും അനുസരിച്ച് ചീറ്റകളുടെ ഹോം ശ്രേണികൾ ഗണ്യമായി ഓവർലാപ്പ് ചെയ്യുമെന്നും വിദഗ്‌ധ സംഘം പറഞ്ഞു.
ചീറ്റകളുടെ മരണവും ജനനവും : പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ 72-ാം ജന്മദിനത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 17 നാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഫെബ്രുവരി 18 ന് രണ്ടാം തവണയും 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോയിലേക്ക് എത്തിച്ചു. നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ സാഷ മാർച്ചിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഉദയ് എന്ന ചീറ്റയും ഏപ്രിൽ 13ന് ചത്തു.
ഇത്തരത്തിൽ നിരീക്ഷണത്തിലുള്ള ചീറ്റകളിൽ (captive cheetahs) വിട്ടുമാറാത്ത വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ സാധാരണമാണ്. എന്നാൽ ഇത് പകർച്ചവ്യാധിയല്ലെന്നാണ് നിരീക്ഷണം. പ്രാഥമിക പരിശോധനയിൽ ഉദയ് എന്ന ചീറ്റ ടെർമിനൽ കാർഡിയോ പൾമണറി മൂലമാണ് ചത്തതെന്ന് കണ്ടെത്തി. ഇതിനിടെ നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റകളിൽ ഒന്ന് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. 1952ൽ ആണ് ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.