മുംബൈ: നടൻ രജനികാന്തിനൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മുംബൈ ദഹിസര്‍ സ്വദേശിയായ 21കാരിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് പിയു ജെയിൻ, മന്ഥൻ രൂപരേൽ എന്നിവര്‍ക്കെതിരെ ദഹിസര്‍ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ രണ്ട് സിനിമകളിലെ വേഷം യുവതിക്ക് പ്രതികള്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.
ആർസി 15, ജയിലർ എന്നീ രണ്ട് ചിത്രങ്ങളിൽ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാന്‍ യുവതിയെ തെരഞ്ഞെടുത്തു എന്നാണ് പ്രതികള്‍ യുവതിയെ അറിയിച്ചത്. പിന്നീട് പാസ്‌പോര്‍ട്ട്, ഫോറെക്‌സ് കാർഡ്, സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്നുള്ള രേഖകള്‍ തുടങ്ങി പല ആവശ്യങ്ങള്‍ പറഞ്ഞാണ് യുവതിയുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയത്. പ്രതികളായ പിയു ജെയിൻ, മന്ഥൻ രൂപരേൽ എന്നിവർക്കെതിരെ ഐപിസി 419, 420, 465, 68, 471 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.